ന്യൂഡൽഹി: വിദേശ സർവ്വകലാശാലകളിലെ പരിപാടിക്കിടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ
വിമർശനവുമായി ബി.ജെ.പി രംഗത്ത്. രാഹുൽ ഗാന്ധി വിദേശത്ത് പോകുന്നത് രാജ്യത്തെ അപമാനിക്കാൻ മാത്രമാണെന്നും രാജ്യത്തിന്റെ ഇപ്പോഴത്തെ വികസനം കണ്ട് നിരാശരായവരാണ് കോൺഗ്രസ് നേതൃത്വമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ കുറ്റപ്പെടുത്തി. ചണ്ഡീഗഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചയെക്കുറിച്ച് അന്താരാഷ്ട്ര സ്ഥാപനങ്ങൾ പുറത്തുവിടുന്ന കണക്കുകൾ പോലും രാഹുൽ ഗാന്ധി വിശ്വസിക്കുന്നില്ല. സ്വന്തം കുടുംബത്തിന്റെ വികസനത്തെക്കുറിച്ച് മാത്രം ചിന്തയുള്ളവർക്കാണ് രാജ്യത്തിന്റെ പുരോഗതി കാണുമ്പോൾ പ്രശ്നമുണ്ടാകുന്നതെന്നും നിതിൻ നവീൻ പരിഹസിച്ചു. രാജ്യത്ത് കോൺഗ്രസിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ കൂട്ടിച്ചേർത്തു.
















