തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര സർക്കാരുമായി ഉന്നതതല ചർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി സണ്ണി ജോസഫ് എന്നിവരടങ്ങുന്ന സംഘം കേന്ദ്ര ഊർജ്ജ മന്ത്രിയെ നേരിൽ കണ്ട് സ്ഥിതിഗതികൾ ബോധ്യപ്പെടുത്തും. കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് സമയം തേടിയിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി എൻ.ടി.പി.സി (NTPC) ചെയർമാനുമായി പ്രാഥമിക ചർച്ച പൂർത്തിയാക്കി. എൻ.ടി.പി.സിയുടെ നാഷണൽ പൂളിൽ നിന്ന് അധിക വൈദ്യുതി കേരളത്തിന് ലഭ്യമാക്കുന്ന കാര്യമാണ് പ്രധാനമായും ചർച്ച ചെയ്തത്. കേരളത്തിന്റെ ആവശ്യങ്ങളോട് തികച്ചും അനുഭാവപൂർവ്വമായ നിലപാട് സ്വീകരിക്കുമെന്നും സാധ്യമായ സഹായങ്ങൾ നൽകാമെന്നും എൻ.ടി.പി.സി ചെയർമാൻ ഉറപ്പുനൽകിയതായി മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വേനൽച്ചൂട് വർദ്ധിച്ചതോടെ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിലയിലാണ്. ലോഡ്ഷെഡ്ഡിംഗ് ഒഴിവാക്കാനും അടിയന്തരമായി അധിക വൈദ്യുതി കണ്ടെത്താനും സർക്കാരിന്റെയും കെ.എസ്.ഇ.ബിയുടെയും ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകളാണ് നടന്നു വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.















