മുംബൈ: വിമാന ഇന്ധന വില (ATF) വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾക്ക് ഇന്ധന സർചാർജ് (Fuel Surcharge) പുനഃസ്ഥാപിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ (IndiGo) അറിയിച്ചു. ഇതോടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കുകളിൽ വർദ്ധനവുണ്ടാകും.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവിനെ തുടർന്ന് വിമാന ഇന്ധന വില തുടർച്ചയായി ഉയർന്നതാണ് സർചാർജ് ഏർപ്പെടുത്താൻ കമ്പനിയെ നിർബന്ധിതരാക്കിയത്. യാത്രക്കാരുടെ മേലുള്ള ഭാരം പരമാവധി കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഉയർന്ന പ്രവർത്തനച്ചെലവ് നികത്താൻ ഇന്ധന സർചാർജ് ഈടാക്കാതെ തരമില്ലെന്ന് ഇൻഡിഗോ വക്താവ് വ്യക്തമാക്കി.
യാത്രാ ദൂരത്തിന് അനുസരിച്ചായിരിക്കും ടിക്കറ്റുകളിൽ സർചാർജ് തുക ഈടാക്കുക. പുതിയ നിരക്കുകൾ ഉടനടി പ്രാബല്യത്തിൽ വരുമെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. ഉത്സവ സീസൺ ആരംഭിക്കാനിരിക്കെയുള്ള നിരക്ക് വർദ്ധനവ് യാത്രക്കാർക്ക് തിരിച്ചടിയാകും.















