ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് 62 രൂപ 50 പൈസയാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽ.പി.ജി സിലിണ്ടർ വില 2,852 രൂപയായി ഉയർന്നു. ചെന്നൈയിൽ 66.50 രൂപയാണ് വർധിച്ചത്.
ഓഗസ്റ്റിൽ വില കുറച്ചതിന് ശേഷം തുടർച്ചയായ രണ്ടാം മാസമാണ് എണ്ണ വിതരണ കമ്പനികൾ വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിക്കുന്നത്. നവരാത്രി അടക്കമുള്ള ഉത്സവ സീസണിലേക്ക് രാജ്യം കടക്കാനിരിക്കെ ഉണ്ടായ ഈ വിലവർധനവ് ചെറുകിട ബിസിനസുകൾക്ക് കനത്ത തിരിച്ചടിയാകും.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ എന്നിവയുടെ പ്രവർത്തനച്ചെലവ് കുതിച്ചുയരാൻ ഈ തീരുമാനം ഇടയാക്കും. ഇത് ഭക്ഷണസാധനങ്ങളുടെ വിലവർധനവിലേക്ക് നയിച്ചേക്കാമെന്ന ആശങ്കയും ഉയർത്തുന്നുണ്ട്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള (14.2 കിലോ) പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ലാതെ തുടരുന്നത് സാധാരണക്കാർക്ക് ആശ്വാസമായി.















