തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ നിന്ന് റെയിൽവേയ്ക്ക് റെക്കോർഡ് വരുമാനം. സംസ്ഥാനത്തെ 10 പ്രധാന സ്റ്റേഷനുകളിൽ നിന്നായി രണ്ടു ജോഡി വന്ദേ ഭാരത് സർവീസുകൾ വഴി 249.65 കോടി രൂപയാണ് റെയിൽവേ സ്വന്തമാക്കിയത്. തൊട്ടുമുൻപത്തെ സാമ്പത്തിക വർഷത്തിലെ (166.5 കോടി) വരുമാനത്തേക്കാൾ 83.15 കോടി രൂപയുടെ വൻ വർദ്ധനവാണുണ്ടായത്.
വന്ദേഭാരതിലെ കോച്ചുകളുടെ എണ്ണം ഉയർത്തിയതാണ് വരുമാനം ഇരട്ടിയാകാൻ പ്രധാന കാരണമായത്. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിലെ (20632) കോച്ചുകൾ 8-ൽ നിന്ന് ഘട്ടംഘട്ടമായി 20 എണ്ണമാക്കി ഉയർത്തിയിരുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നാണ് ഏറ്റവും കൂടുതൽ വരുമാനം (51.25 കോടി രൂപ) ലഭിച്ചത്. തൊട്ടുപിന്നിൽ കോഴിക്കോട് (34.30 കോടി), കണ്ണൂർ (32.21 കോടി), എറണാകുളം ടൗൺ (28.58 കോടി) സ്റ്റേഷനുകളുമുണ്ട്.
വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുന്നിട്ടുനിൽക്കുന്ന പശ്ചാത്തലത്തിൽ, കേരളത്തിലേക്ക് കൂടുതൽ വന്ദേഭാരത് സർവീസുകൾ അനുവദിക്കണമെന്ന ആവശ്യത്തിന് ഈ കണക്കുകൾ കൂടുതൽ കരുത്തുപകരും.















