കോട്ടയം: കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലുണ്ടായ സംഘർഷത്തിനിടെ ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷായെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വിദേശത്തുനിന്ന് നാട്ടിലെത്തി സംഘർഷത്തിൽ പങ്കാളിയായ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് വിദേശത്തേക്ക് കടത്താനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് അസോസിയേഷൻ ആരോപിച്ചു. കേസ് ലഘൂകരിക്കാനോ പ്രതിയെ സംരക്ഷിക്കാനോ ഉള്ള ശ്രമങ്ങൾ നടന്നാൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അസോസിയേഷൻ യോഗം മുന്നറിയിപ്പ് നൽകി.
സംഭവത്തിൽ ഉടൻ ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകി.















