തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് നടന്ന സീറ്റുകളിൽ യു.ഡി.എഫിന്റെ എണ്ണം 22-ൽ നിന്ന് 19 ആയി കുറഞ്ഞു. മൂന്ന് സീറ്റുകൾ അധികമായി പിടിച്ചെടുത്ത് എൽ.ഡി.എഫ് മികച്ച മുന്നേറ്റം കാഴ്ചവെച്ചു. സർക്കാരിന്റെ നാലു മാസത്തെ ഭരണത്തിന്റെ വിലയിരുത്തലാകും ഉപതിരഞ്ഞെടുപ്പെന്ന് യു.ഡി.എഫ് നേതാക്കൾ അവകാശപ്പെടുകയും പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉൾപ്പെടെ പ്രചാരണവിഷയമാക്കുകയും ചെയ്തിരുന്നെങ്കിലും ഫലം എൽ.ഡി.എഫിന് അനുകൂലമായി.
യു.ഡി.എഫ് എം.എൽ.എമാർ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിലടക്കം മുന്നണിക്ക് തോൽവി നേരിടേണ്ടി വന്നു. ചങ്ങനാശ്ശേരി എം.എൽ.എ വിനു ജോബിന്റെ മുൻ ജില്ലാ പഞ്ചായത്ത് വാർഡായിരുന്ന തൃക്കൊടിത്താനം എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. ചിറ്റൂർ എം.എൽ.എ സുമേഷ് അച്യുതന്റെ മണ്ഡലത്തിലെ പരുത്തിക്കാവ് വാർഡ് നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് നഷ്ടമായി. മാനന്തവാടി എം.എൽ.എ ഉഷാ വിജയന്റെയും പേരാമ്പ്ര എം.എൽ.എ ഫാത്തിമ തെഹ് ലിയുടെയും വാർഡുകളിൽ യു.ഡി.എഫ് വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിൽ വലിയ കുറവുണ്ടായി.
എം.പി രമ്യാ ഹരിദാസും ജില്ലാ പഞ്ചായത്തംഗവും തമ്മിലുണ്ടായ കയ്യാങ്കളി വിവാദമായ ചിറയിൻകീഴിൽ മത്സരിച്ച രണ്ടിടത്തും കോൺഗ്രസിന് നാണംകെട്ട തോൽവിയാണ് ഉണ്ടായത്. അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷനിലും മംഗലപുരം പഞ്ചായത്തിലുമാണ് യു.ഡി.എഫ് പരാജയപ്പെട്ടത്.















