ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ (UNSC) സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. യു.എൻ പൊതുസഭയുടെ സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കവെയാണ് ലാവ്റോവ് ഇന്ത്യയുടെ അവകാശവാദത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. അതേസമയം, പാശ്ചാത്യ രാജ്യങ്ങൾക്ക് രക്ഷാസമിതിയിൽ കൂടുതൽ സ്ഥിരാംഗത്വ സീറ്റുകൾ നൽകുന്നതിനെ അദ്ദേഹം കടുത്ത ഭാഷയിൽ എതിർത്തു.
ആഗോളതലത്തിൽ ഭാരതത്തിന്റെ വളരുന്ന രാഷ്ട്രീയ-സാമ്പത്തിക സ്വാധീനവും പങ്കാളിത്തവും പരിഗണിച്ച് ഇന്ത്യ രക്ഷാസമിതിയിൽ എത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. വികസ്വര രാജ്യങ്ങളുടെയും (Global South) ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെയും പങ്കാളിത്തമാണ് പുനഃസംഘടനയിലൂടെ വർദ്ധിക്കേണ്ടത്. നിലവിൽ തന്നെ പാശ്ചാത്യ രാജ്യങ്ങൾക്ക് രക്ഷാസമിതിയിൽ കൂടുതൽ പ്രാതിനിധ്യമുണ്ടെന്നും, വീണ്ടും ആ രാജ്യങ്ങൾക്ക് സീറ്റുകൾ നൽകുന്നത് സമിതിയുടെ സന്തുലിതാവസ്ഥ തകർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















