ന്യൂഡൽഹി: പൂർണ്ണമായും എഥനോളിൽ ഓടുന്ന ആദ്യ കാർ ഒക്ടോബറിൽ വിപണിയിലെത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഈ കാറിന്റെ പ്രവർത്തനത്തിന് പെട്രോൾ ഒട്ടും ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന വിപ്ലവകരമായ മാറ്റമായിരിക്കും ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം കാറുകളുടെ ഇന്ധനച്ചെലവ് ലിറ്ററിന് ഏകദേശം 25 രൂപ നിരക്കിലുള്ള പെട്രോൾ ഉപയോഗിച്ച് ഓടുന്ന ഒരു കാറിന് തുല്യമായിരിക്കും. ഇത് സാധാരണക്കാരായ യാത്രക്കാർക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകും.
രാജ്യത്ത് ഹരിത ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും പെട്രോളിയം ഇറക്കുമതി കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് കേന്ദ്ര സർക്കാർ എഥനോൾ വാഹനങ്ങൾക്ക് മുൻഗണന നൽകുന്നത്. കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഈ നീക്കം സഹായിക്കും.















