ഓണംതുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി.ശനിയാഴ്ച രാവിലെ 8. 30നും, 9. 30നും മദ്ധ്യേ കടിയേക്കൽ ഇല്ലത്ത് ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരിയുടെയും, മേൽശാന്തി പോടൂർ ഇല്ലത്ത് ബ്രഹ്മശ്രീ സുബ്രഹ്മണ്യൻ ഭട്ടതിരിയുടെയും കാർമികത്വത്തിലാണ് തൃക്കൊടിയേറ്റ് നടന്നത്.
കൊടിയേറ്റിന് ശേഷം ക്ലാസിക്കൽ ഭജൻസ്, സോപാനസംഗീതം, ആധ്യാത്മിക പ്രഭാഷണം, കൊടിയേറ്റ് സദ്യ, വൈകിട്ട്, വീരനാട്യം, നൃത്തനൃത്യങ്ങൾ, കഥകളി, എന്നിവ നടന്നു. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം ആർദ്ര മോഹൻ നിർവഹിച്ചു.
സമാപന ദിവസമായ മെയ് 9ന് വൈകുന്നേരം 5ന് ആറാട്ട് ബലി, 5.45 ന് ആറാട്ട് എഴുന്നള്ളത്ത്, ഓണംതുരുത്ത് ഭക്തജന സംഘം ഒരുക്കുന്ന ആറാട്ട് പൂരം, 5 ഗജവീരന്മാരുടെ അകമ്പടിയോടെ ആനക്കൊട്ടിലിൽ പറവെയ്പ്പ്, കുടമാറ്റം, കല്ലൂർ ഉണ്ണികൃഷ്ണ മാരാരുടെ നേതൃത്വത്തിൽ ആറാട്ട് പഞ്ചാരിമേളം, രാത്രി 8:30ന് ആറാട്ട്സദ്യ, 8. 45 ന് ആറാട്ട് പുറപ്പാട്, ആറാട്ട് കുളം ദീപാലങ്കാരം, രാത്രി 9ന് നാമാഭിഷേകം, രാത്രി 11ന് ആറാട്ട് എതിരേല്പ്, കല്ലൂർ ഉണ്ണികൃഷ്ണൻ മാരാരുടെയും സംഘത്തിന്റെയും പാണ്ടിമേളം ഇലഞ്ഞിത്തറമേളം, വെടിക്കെട്ട്, കൊടിയിറക്ക് എന്നിങ്ങനെയാണ് തിരുവുത്സവ പരിപാടികൾ നടക്കുന്നത്.















