2026 ഏപ്രിൽ 15 ബുധൻ 1199 മേടം 02
വാർത്തകൾ
👉📰 നിയമസഭാ സീറ്റ് വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ കത്ത്. തെക്കൻ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നീക്കത്തിനെതിരെ ഒന്നിച്ചു നിൽക്കണം. പതിറ്റാണ്ടുകളായി നേരിടുന്ന തെക്ക്-വടക്ക് വിഭജനത്തിന്റെ പുതിയ നീക്കമാണ് ലോക്സഭാ സീറ്റുകളുടെ വിപുലീകരണമെന്നും കത്തിൽ പരാമർശം.
👉📰 അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാൽപത് മിനിറ്റ് നേരം നീണ്ട ഫോൺ സംഭാഷണത്തിൽ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം ചർച്ചയായി. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ സംഭാഷണമാണിത്. ഇന്ത്യ – യുഎസ് ബന്ധത്തിലെ പുതിയ സംഭവവികാസങ്ങളും ചർച്ചയായി.
👉📰 ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ. ഭരണഘടന ഭേദഗതി ബില്ലിന്റെ പകർപ്പ് എംപിമാരുടെ പോർട്ടലിൽ അപ്‌ലോഡ് ചെയ്തു. സംസ്ഥാനങ്ങളിലെ സീറ്റുകൾ 815ഉം, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സീറ്റുകൾ 35 ആയി ഉയർത്താനുമാണ് ബിൽ ലക്ഷ്യമിടുന്നത്. മൂന്ന് ബില്ലുകൾ ആണ് 16-ന് തുടങ്ങുന്ന പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്.
👉📰 കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ എം കെ റാമിനെ പുറത്താക്കണമെന്ന നിലപാടിലുറച്ച് വിദ്യാർഥികൾ. മാനേജ്മെന്റ് ചർച്ചക്ക് തയ്യാറാകാതെ ക്ലാസ്സ് ബഹിഷ്കരണം അവസാനിപ്പിക്കില്ല. മാനേജ്മെൻറ്റ് ആരാണെന്ന് ഇതുവരെ ഞങ്ങൾ ആരും കണ്ടിട്ടില്ല. സീനിയർ വിദ്യാർഥികൾക്ക് പോലും മാനേജ്‌മെന്റുമായി യാതൊരു ബന്ധവുമില്ല. പവർ ഇല്ലാത്ത ഒരാളെയാണ് ചർച്ചയ്ക്കായി വിട്ടിരിക്കുന്നത്. ആവശ്യങ്ങൾ കേൾക്കുന്ന ഒരു അധികാരമുള്ളയാൾ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് വരണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. അതുവരെ പ്രതിഷേധം തുടരും. വിദ്യാർഥി പ്രതിനിധികൾ മാനേജ്‌മെന്റുമായി നടത്തിയ ആദ്യഘട്ട ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
👉📰 ഇറാനുമായുള്ള വെടിനിർത്തൽ ചർച്ചകൾ രണ്ട് ദിവസത്തിനകം നടക്കുമെന്ന് ട്രംപ്. രണ്ട് ദിവസത്തിനുള്ളിൽ പാകിസ്താനിൽ വച്ച് വെടിനിർത്തൽ ചർച്ചകൾ തുടരുമെന്ന സൂചനയാണ് ട്രംപ് നൽകിയത്. ഇസ്ലാമാബാദിൽ നടന്ന ആദ്യ ഘട്ട ചർച്ചകൾ കരാറിലെത്താതെ പിരിഞ്ഞിരുന്നു. ജനീവയിലോ ഇസ്ലാമാബാദിലെ രണ്ടാം ഘട്ട ചർച്ച നടക്കുമെന്നായിരുന്നു ട്രംപ് നേരത്തെ അറിയിച്ചിരുന്നത്.
👉📰 ഹോർമുസ് ഉപരോധം പൂർണമെന്ന് അമേരിക്ക. ഒരു കപ്പൽ പോലും ഹോർമുസ് കടന്നില്ലെന്നും ആറ് വാണിജ്യ കപ്പലുകൾ മടങ്ങിപോയെന്നും
യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസിൽ പതിനായിരം സൈനികരെ നിയോഗിച്ചെന്നും 12 യുദ്ധക്കപ്പലുകളും ദൗത്യത്തിലെന്ന് അമേരിക്ക പറഞ്ഞു. അതേസമയം ഹോർമുസിലെ യുഎസ് ഉപരോധത്തിനെതിരെ ചൈന രംഗത്തെത്തി. അമേരിക്കയുടെ നടപടി അപകടകരവും , ഉത്തരവാദിത്തവും ഇല്ലാത്തതെന്ന് ചൈന കുറ്റപ്പെടുത്തി.
👉📰 തമിഴ്നാട് മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ഹസീന സയ്യദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ആറ് വർഷത്തേക്കാണ് പുറത്താക്കിയത്. തമിഴ്നാട് തിരഞ്ഞെടുപ്പിനിടയിലെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളാണ് കാരണമെന്ന് കോൺഗ്രസിന്റെ വിശദീകരണം. നേരത്തെ കെ സി വേണുഗോപാലിനെതിരെ ഹസീന സയ്യദ് രംഗത്തെത്തിയിരുന്നു കെ സി വേണുഗോപാൽ കേരള മുഖ്യമന്ത്രിയാവാൻ ശ്രമിക്കുന്നുവെന്ന് ഹസീന സയ്യദ് പറഞ്ഞിരുന്നു. ടിവികെയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചത് ഇതിനു വേണ്ടിയാണെന്നും അവർ പറഞ്ഞിരുന്നു.
👉📰 ബിഹാർ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സാമ്രാട്ട് ചൌധരി ഇന്ന് സത്യപ്രതിജ്ഞ ചയ്യും. സാമ്രാട്ട് ചൗധരി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ചു. പട്നയിൽ ഇന്ന് രാവിലെ 11 മണിക്ക് ചടങ്ങ് നടക്കും. ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നിതീഷ് കുമാർ രാജിവച്ചിരുന്നു. ബിഹാറിലെ പുതിയ സർക്കാരിന് തന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് രാജിയ്ക്ക് ശേഷം നിതീഷ് കുമാർ പറഞ്ഞു.
👉📰 മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് , വാട്സ്ആപ്പ് ഗ്രൂപ്പുകൾ അല്ല, ഹൈക്കമാൻഡ് ആണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നാലാം തീയതി തിരഞ്ഞെടുപ്പ് ഫലം വന്നാൽ ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനമാകും. നാലാം തീയതിക്ക് ശേഷം മാത്രമാകും ചർച്ചകൾ നടക്കുകയെന്നും കെ മുരളീധരൻ പറഞ്ഞു. നാലാം തീയതി വരെ സിപിഐഎമ്മിന് എൽഡിഎഫിന് ആശ്വസിക്കാമെന്ന് കെ മുരളീധരൻ കൂട്ടിച്ചേർത്തു.















