ന്യൂഡൽഹി: മെസേജിങ് ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി ‘സിം ബൈൻഡിങ്’ സംവിധാനം പരീക്ഷിക്കാൻ ഒരുങ്ങി വാട്‌സാപ്പ്.ഫോണില്‍ നിന്ന് സിം കാർഡ് മാറ്റിയാല്‍ വാട്‌സാപ്പ് പ്രവർത്തനം നിർത്തുന്ന രീതിയാണിത്.
നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കാണ് ഈ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി, വാട്‌സാപ്പില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡ് ഫോണിലുണ്ടോ എന്ന് പരിശോധിക്കാനുള്ള വേരിഫിക്കേഷൻ സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങി. ഡിസംബർ 31-നകം പുതിയ സുരക്ഷാ നിയമങ്ങള്‍ നടപ്പാക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തെത്തുടർന്നാണ് ഈ നീക്കം.
നിലവിലെ സാഹചര്യത്തില്‍ വാട്‌സാപ്പ് അക്കൗണ്ട് തുടങ്ങാൻ മാത്രമേ സിം കാർഡിന്റെ ആവശ്യമുള്ളൂ. ഒരിക്കല്‍ രജിസ്റ്റർ ചെയ്തു കഴിഞ്ഞാല്‍ സിം മാറ്റിയാലും വൈഫൈ ഉപയോഗിച്ച് ആപ്പ് പ്രവർത്തിപ്പിക്കാൻ സാധിക്കുമായിരുന്നു. ഈ പഴുത് ഉപയോഗിച്ച് സിം ഉപേക്ഷിച്ചും മറ്റും തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങള്‍ അയക്കുന്നത് തടയുക എന്നതാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.















