ഉത്തർപ്രദേശിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (SIR) 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന ആരോപണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ന്യൂനപക്ഷ വോട്ടർമാരുടെയും നുഴഞ്ഞുകയറ്റക്കാരുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തി കൊണ്ട് ഹിന്ദു
വോട്ടർമാരെ ഒഴിവാക്കാനാണ് നീക്കം നടന്നതെന്നും വിഷയത്തിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും യോഗി വ്യക്തമാക്കി.
അതേസമയം, യോഗി ആദിത്യനാഥിന്റെ ആരോപണങ്ങൾ തള്ളി സമാജ്വാദി പാർട്ടി (SP) രംഗത്തെത്തി. തെരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ടാണ് യോഗി ഇത്തരം വിചിത്ര വാദങ്ങൾ ഉന്നയിക്കുന്നതെന്ന് എസ്.പി പ്രതികരിച്ചു. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ നടത്തിയ പരിഷ്കരണത്തിൽ ആര് ഗൂഢാലോചന നടത്തിയെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും, തെരഞ്ഞെടുപ്പ് കമ്മീഷൻ മതം തിരിച്ചുള്ള കണക്കുകൾ പുറത്തുവിടാതിരിക്കെ ഇത്തരം കണക്കുകൾ യോഗിക്ക് എവിടെ നിന്ന് ലഭിച്ചെന്നും പ്രതിപക്ഷം ചോദിച്ചു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.















