ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് ആശംസകളറിയിച്ച് കത്തയച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി അറിയിച്ചു. പ്രധാനമന്ത്രിക്ക് ഉത്തരാഖണ്ഡിനോടുള്ള
പ്രത്യേക സ്നേഹവും അചഞ്ചലമായ വിശ്വാസവുമാണ് സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിന് കരുത്തേകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഉത്തരാഖണ്ഡിന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും വികസന പാതയെയും പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി അയച്ച സന്ദേശം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സി’ൽ (X) ധാമി പങ്കുവെച്ചു. പ്രധാനമന്ത്രിയുടെ മാർഗനിർദേശത്തിലും കേന്ദ്ര സർക്കാരിന്റെ പിന്തുണയിലുമാണ് ‘ദേവഭൂമി’യായ ഉത്തരാഖണ്ഡ് പുതിയ വികസന നാഴികക്കല്ലുകൾ കൈവരിക്കുന്നതെന്നും ഉത്തരാഖണ്ഡിനെ രാജ്യത്തിന്റെ മുന്നിര സംസ്ഥാനമാക്കി മാറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















