ഇ20 (E20) പെട്രോളിൽ നിർദ്ദിഷ്ട അളവിൽ കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന ആരോപണങ്ങളും വിവാദങ്ങളും ശക്തമായ പശ്ചാത്തലത്തിൽ വിശദമായ വിലയിരുത്തലിനായി പെട്രോളിയം മന്ത്രാലയം ഉന്നതതല യോഗം വിളിച്ചു ചേർത്തു. എഥനോൾ മിശ്രിതത്തിന്റെ അളവ്,
ഗുണനിലവാര മാനദണ്ഡങ്ങൾ, പരിശോധനാ രീതികൾ എന്നിവ അവലോകനം ചെയ്യാനാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെയും (OMCs) സാങ്കേതിക വിദഗ്ധരുടെയും യോഗം വിളിച്ചത്.
കർണാടകയിലെ ചില പെട്രോൾ പമ്പുകളിൽ നടത്തിയ പരിശോധനയിൽ പെട്രോളിൽ 20 ശതമാനത്തിലധികം (26% മുതൽ 31% വരെ) എഥനോൾ അടങ്ങിയിട്ടുണ്ടെന്ന വാദങ്ങളുമായി പ്രതിപക്ഷവും പ്രാദേശിക ഭരണകൂടവും രംഗത്തെത്തിയിരുന്നു. എന്നാൽ, പൊതുമേഖലാ എണ്ണക്കമ്പനികൾ വിതരണം ചെയ്യുന്ന പെട്രോൾ ബി.ഐ.എസ് (BIS) മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും 893 സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ എഥനോളിന്റെ അളവ് കൃത്യമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നു. സാമ്പിൾ ശേഖരണത്തിലും പരിശോധനാ രീതികളിലും ഉണ്ടായ വീഴ്ചകളാണ് തെറ്റായ റിപ്പോർട്ടുകൾക്ക് കാരണമെന്ന വിലയിരുത്തലിലാണ് മന്ത്രാലയം ഉന്നതതല യോഗത്തിലൂടെ വ്യക്തത വരുത്താൻ ശ്രമിക്കുന്നത്.















