പാലാ: രൂപതയുടെ കർഷക ബാങ്ക് പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വിവിധ കൃഷി മേഖലയിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നു. വാഴ കർഷക കൂട്ടായ്മ സംഘടിപ്പിച്ച് ബനാന പ്രൊമോഷൻ കൗൺസിൽ രൂപീകരിച്ച് പഠന യാത്രകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചു വരുന്നതിനൊപ്പമാണ് പച്ചക്കപ്പയ്ക്കും കപ്പ ഉൽപ്പന്നങ്ങൾക്കും
വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പാദനവും ന്യായവിലയും ഉറപ്പുവരുത്താനാകും വിധം കപ്പ കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നത്. ഗുണമേന്മയുള്ള കപ്പത്തണ്ടുകളും വളങ്ങളും യഥാസമയം കർഷകർക്ക് ലഭ്യമാക്കി ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കാനും വിപണിയിടപെടലിലൂടെ ന്യായവില കർഷകർക്ക് ലഭ്യമാക്കുവാനും ലക്ഷ്യമിട്ട് സമഗ്രവും സുസ്ഥിരവുമായ പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. കൂട്ടായ്മയിൽ അംഗങ്ങളാകുന്ന കർഷകരുമായി ധാരണാപത്രത്തിന്റെ
അടിസ്ഥാനത്തിൽ കൊടുക്കൽ വാങ്ങൽ നടത്താനും രൂപതയുടെ ആഭിമുഖ്യത്തിലുള്ള പാലാ സാൻതോം ഫുഡ് ഫാക്ടറിയിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുണ്ടാക്കി “പാലനോവ” ബ്രാന്റിൽ ആഭ്യന്തര, വിദേശവിപണിയിലെത്തിക്കാനുമാണ് ലക്ഷ്യം വെക്കുന്നത്. മരച്ചീനി കർഷക കൂട്ടായ്മയിൽ പങ്കുചേരുന്നവരുടെ സമ്മേളനം ചേർന്ന് ഭാവി പരിപാടികൾ വിശദീകരിക്കുന്നതാണ്. രൂപതയുടെ കർഷക മുന്നേറ്റ പ്രവർത്തനങ്ങളുടെ ഭാഗമായി കപ്പ കർഷക കൂട്ടായ്മയിൽ അംഗങ്ങളാകാനാഗ്രഹിക്കുന്നവർ ബന്ധപ്പെടുക. 9961668240. 9074556721.















