കേരളത്തിൽ ഇടതുപക്ഷം ദുർബലപ്പെടുന്നത് സംസ്ഥാനത്തിന്റെ ഭാവിയെത്തന്നെ ദോഷകരമായി ബാധിക്കുമെന്ന് സിപിഐഎം മുതിർന്ന നേതാവ് ഇ പി ജയരാജൻ. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന
ഏറ്റവും വലിയ ഭീഷണി വലതുപക്ഷ ശക്തികളുടെ വളർച്ചയാണെന്നും, അതിനെ പ്രതിരോധിക്കാൻ ഇടതുപക്ഷം കൂടുതൽ കരുത്താർജ്ജിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടെന്ന വാദങ്ങളെ ജയരാജൻ തള്ളിക്കളഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു വിധ ജനവിരുദ്ധ നിലപാടുകളും ഉണ്ടായിട്ടില്ലെന്നും, പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഭരണവിരുദ്ധ വികാരം ഉണ്ടാകേണ്ടതെന്നും അദ്ദേഹം ചോദിച്ചു.















