കൊഴുവനാൽ: കോഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻ പള്ളി ഫൊറോനയായി ഉയർത്തപ്പെട്ടതിനു ശേഷമുള്ള ആദ്യ ഇടവക മധ്യസ്ഥ തിരുനാളിന് ഇന്ന് (മെയ് 15, വെള്ളിയാഴ്ച) കൊടിയേറും. മെയ് 15, 16, 17 തീയതികളിലായാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്.
ഇന്ന് വൈകുന്നേരം കൊടിയേറ്റിന് ശേഷം 7 മണിക്ക് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിന്റെ ‘തച്ചൻ’ എന്ന ചരിത്ര നാടകം അരങ്ങേറും. ശനിയാഴ്ച വൈകുന്നേരം ഭക്തിനിർഭരമായ രാത്രി പ്രദക്ഷിണവും, പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം തിരുനാൾ പ്രദക്ഷിണവും നടക്കും. തിരുനാൾ ദിവസങ്ങളിൽ വിശ്വാസികൾക്ക് വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി 7 മണിക്ക് പാലാ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. തിരുനാൾ ആഘോഷങ്ങൾക്കും തിരുക്കർമ്മങ്ങൾക്കും വികാരി വെരി. റവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, അസിസ്റ്റന്റ് വികാരി റവ. ഫാ. ജോൺ വയലിൽ, കൈക്കാരന്മാരായ ജോ കോടിക്കുളം, അലോഷ്യസ് തോണക്കര, മാത്തുക്കുട്ടി വലിയപറമ്പിൽ എന്നിവർ നേതൃത്വം നൽകും.
വിശുദ്ധന്റെ മാധ്യസ്ഥം തേടി എത്തുന്ന എല്ലാ വിശ്വാസികളെയും തിരുനാൾ കർമ്മങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. എല്ലാ തിങ്കളാഴ്ചകളിലും വിശുദ്ധന്റെ നൊവേനയും പള്ളിയിൽ നടന്നുവരുന്നു.















