പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ പമ്പയാറ്റിലും കൈവഴികളിലും സ്നാനഘട്ടങ്ങളിലും ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് മാലിന്യങ്ങളും ഉപേക്ഷിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവർക്ക് സ്ഥലത്തുവെച്ചുതന്നെ 5,000 രൂപ വരെ പിഴ ഈടാക്കും. പമ്പയാറ്റിലെയും സ്നാനഘട്ടങ്ങളിലെയും മലിനീകരണം തടയുന്നതിനായി ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കരയാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
നദിയിലും തീരങ്ങളിലും പൊതുസ്ഥലങ്ങളിലും പ്ലാസ്റ്റിക്, ഖര, ജൈവ മാലിന്യങ്ങൾ വലിച്ചെറിയുന്നതും ഉത്തരവിലൂടെ നിരോധിച്ചിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) സെക്ഷൻ 163 പ്രകാരവും കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരവുമാണ് നടപടി. പിഴത്തുക 15 ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും.
പരിശോധന കർശനമാക്കും; പിഴത്തുക ശുചീകരണ പ്രവർത്തനങ്ങൾക്ക് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് തീർത്ഥാടകരുടെയും പ്രദേശവാസികളുടെയും പ്രധാന കുടിവെള്ള സ്രോതസ്സായ പമ്പയാർ മലിനമാകുന്നതും ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യതയും കണക്കിലെടുത്താണ് അധികൃതരുടെ നടപടി. ഉത്തരവ് കർശനമായി നടപ്പിലാക്കുന്നതിനായി പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റ്, പമ്പ പോലീസ് സ്പെഷ്യൽ ഓഫീസർ, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നദീതീരങ്ങളിലും സ്നാനഘട്ടങ്ങളിലും ഇവർ പരിശോധന നടത്തുകയും നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യും.
ഈടാക്കുന്ന പിഴത്തുക റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിലേക്കാണ് നിക്ഷേപിക്കുക. ഈ തുക പൂർണ്ണമായും ശബരിമലയിലെയും പമ്പയിലെയും ശുചീകരണ, മാലിന്യ സംസ്കരണ, നദീ ശുദ്ധീകരണ പ്രവർത്തനങ്ങൾക്കായി മാത്രം വിനിയോഗിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നവംബർ 22 മുതൽ രണ്ട് മാസത്തേക്കാണ് നിരോധന ഉത്തരവ് പ്രാബല്യത്തിലുണ്ടാകുക.
















