കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സർവ്വകലാശാല വൈസ് ചാൻസിലർക്ക് കനത്ത തിരിച്ചടിയായ വിധിയിലൂടെ, വിഷയത്തിൽ അച്ചടക്ക സമിതി സമർപ്പിച്ച റിപ്പോർട്ടും കോടതി റദ്ദാക്കിയിട്ടുണ്ട്. സസ്പെൻഷൻ നടപടി നേരിട്ട് 84 ദിവസവും, വിദ്യാർത്ഥികളുടെ നിരാഹാര സമരം 22 ദിവസവും പിന്നിടുന്ന വേളയിലാണ് അനുകൂലമായ കോടതി വിധി എത്തിയത്.
വിദ്യാർത്ഥികളെ ഇന്ന് തന്നെ ക്യാമ്പസിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംഭവത്തിൽ ചട്ടങ്ങൾ പാലിച്ചുകൊണ്ട് സർവ്വകലാശാലയ്ക്ക് പുതിയ അന്വേഷണം നടത്താമെന്നും കോടതി വ്യക്തമാക്കി. എന്നാൽ, നിലവിലെ 84 ദിവസത്തെ സസ്പെൻഷൻ
കാലയളവ് ഇതിൽ പരിഗണിക്കണമെന്നും, പുതിയ അന്വേഷണത്തിന്റെ പേരിൽ വിദ്യാർത്ഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് മാറ്റിനിർത്താൻ പാടില്ലെന്നും കോടതി കർശന നിർദ്ദേശം നൽകി. അച്ചടക്ക സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളോട് മാപ്പ് പറയാൻ സർവ്വകലാശാല എടുത്ത തീരുമാനവും കോടതി റദ്ദാക്കി. ഹൈക്കോടതി വിധി അനുകൂലമായതോടെ വിദ്യാർത്ഥികൾ നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് അറിയിച്ചു.
















