ചെമ്മലമറ്റം: ഭാരതത്തിന്റെ അപ്പസ്തോലനും ധീര രക്തസാക്ഷിയുമായ തോമാശ്ലീഹായാണ് നസ്രാണി ക്രിസ്ത്യാനികളുടെ മാതൃക എന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ. നമുക്കും അവനോടൊപ്പം പോയി മരിക്കാം എന്ന് പറഞ്ഞ് ക്രിസ്തുവിൻറെ മാർഗം അചഞ്ചലം പിന്തുടരുകയും തന്റെ ബോധ്യത്തിനുവേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറുമായിരുന്ന അദ്ദേഹത്തിൻറെ ശിഷ്യൻമാരാണെന്നതിൽ നമുക്ക് അഭിമാനിക്കാം എന്നും അദ്ദേഹം പറഞ്ഞു.
രണ്ടായിരത്തിലേറെ വർഷത്തെ പാരമ്പര്യമുള്ള നസ്രാണി ക്രൈസ്തവർ ആഗോള കത്തോലിക്കാ സഭയിലെ തന്നെ മാതൃകകളാണ്. ദുക്റാന തിരുനാളിൽ കത്തോലിക്കാ കോൺഗ്രസ് പാല രൂപത സമതി സംഘടിപ്പിച്ച സഭാ ദിനാഘോഷം ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻ മാരുടെ പള്ളി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രൂപത പ്രസിഡൻ്റ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖപ്രഭാഷണവും റവ ഫാ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, ആൻസമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, ബെന്നി കിണറ്റുകര, സി എം ജോർജ്, പയസ് കവളമാക്കൽ, ജോൺസൺ ചെറുവള്ളി, സിന്ധു ജൈബു, ടോമി കണ്ണിറുമാലിൽ, സാബു പൂണ്ടിക്കുളം, എഡ്വിൻ പാമ്പാറ, രാജേഷ് പാറയിൽ തുടങ്ങിയവർ സംസാരിച്ചു















