തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം വിശദമായി പഠിക്കുന്നതിനായി സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. നഗരങ്ങളിലെ വായുഗുണനിലവാരം വിലയിരുത്താനും അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനാവശ്യമായ അടിയന്തര നടപടികൾ നിർദ്ദേശിക്കാനുമാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പഠന റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശം.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ കൺവീനറായ സമിതിയിൽ, ന്യൂഡൽഹിയിലെ ‘ദി എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിലെ’ (TERI) സീനിയർ ഫെലോ സുരേഷ് രാമസുബ്രഹ്മണ്യ അയ്യർ, കോഴിക്കോട് എൻ.ഐ.ടിയിലെ (NIT) ഡോ. ജോർജ് കെ. വർഗീസ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
സമിതിയുടെ പ്രധാന പരിശോധനാ വിഷയങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരത്തിലുണ്ടായ മാറ്റങ്ങൾ, മലിനീകരണം വർദ്ധിക്കാനുള്ള കാരണങ്ങൾ, പ്രധാന ഉറവിടങ്ങൾ എന്നിവ സമിതി വിശദമായി പരിശോധിക്കും. കൂടാതെ, നഗരവാസികൾക്ക് തത്സമയ വായുഗുണനിലവാര സൂചിക (AQI) എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ആശയവിനിമയ സംവിധാനവും സമിതി ശുപാർശ ചെയ്യും.
















