ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ സുരക്ഷ മനഃപൂർവം പിൻവലിച്ചതുകൊണ്ടാണെന്ന ഗുരുതര ആരോപണവുമായി മകനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. സുരക്ഷ പിൻവലിച്ചത് യാദൃച്ഛികമായി സംഭവിച്ച ഒന്നല്ലെന്നും, അതിന് പിന്നിൽ പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി കൊല്ലപ്പെടാനുള്ള സാഹചര്യം ബോധപൂർവം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്നും രാഹുൽ ആരോപിച്ചു.
സോണിയ ഗാന്ധിയുടെ പുതിയ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ’ (Belonging: A Journey of Love) പ്രകാശനത്തോടനുബന്ധിച്ച് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം നടത്തിയ വീഡിയോ ചർച്ചയിലാണ് രാഹുൽ ഗാന്ധിയുടെ ഈ നിർണ്ണായക വെളിപ്പെടുത്തൽ. 1991-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മെയ് 21-ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ചായിരുന്നു രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
സോണിയ ഗാന്ധിയുടെയും പ്രിയങ്കയുടെയും ഓർമ്മപ്പെടുത്തലുകൾ അന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധിയുടെ സുരക്ഷയിൽ രാഹുൽ പലപ്പോഴും ആശങ്ക പങ്കുവെച്ചിരുന്നതായി സോണിയ ഗാന്ധിയും ചർച്ചയിൽ വെളിപ്പെടുത്തി. ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തുറന്ന ജീപ്പിൽ സഞ്ചരിക്കുമ്പോൾ കല്ലേറുണ്ടായ സംഭവമടക്കം അവർ ചൂണ്ടിക്കാട്ടി. അന്ന് പിതാവിനൊപ്പമുണ്ടായിരുന്ന രാഹുൽ വീട്ടിലെത്തിയ ശേഷം സുരക്ഷയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. പിതാവിന്റെ സുരക്ഷ കർശനമാക്കിയില്ലെങ്കിൽ ഇനി താൻ നാട്ടിലെത്തുക അദ്ദേഹത്തിന്റെ സംസ്കാരത്തിനായിരിക്കുമെന്ന് വിദേശപഠനത്തിനായി മടങ്ങവെ രാഹുൽ പറഞ്ഞിരുന്നതായും സോണിയ ഓർത്തെടുത്തു. ഇന്ദിരാ ഗാന്ധിയുടെ വധത്തിന് ശേഷം പിതാവിന്റെ സുരക്ഷയുടെ കാര്യത്തിൽ അമ്മ എപ്പോഴും അതീവ ജാഗ്രതയിലായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധിയും ഓർമ്മിച്ചു.
500-ലധികം പേജുകളുള്ള പുസ്തകത്തിലും അമ്മ പല കാര്യങ്ങളും വിട്ടുകളഞ്ഞിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. 2004-ൽ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാതിരിക്കാനുള്ള സോണിയ ഗാന്ധിയുടെ തീരുമാനം കുടുംബത്തിന് ആശ്വാസവും മറ്റുള്ളവർക്ക് സന്തോഷവുമാണ് നൽകിയതെന്നും രാഹുൽ പറഞ്ഞു.
















