വാഷിങ്ടൺ: ഇറാനുമേൽ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. എട്ട് ഇറാനിയൻ പൗരന്മാർക്കും ഇറാൻ, തുർക്കി, യു.എ.ഇ, ഹോങ്കോങ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത 22 വ്യാപാര, ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെയാണ് യു.എസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചത്. ഇറാന്റെ ആഗോള ‘ഷാഡോ ബാങ്കിംഗ്’ ശൃംഖലകളെ തകർക്കുന്നതിന്റെ ഭാഗമായാണ് രണ്ട് ഡസനിലധികം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നേരെ അമേരിക്കൻ ട്രഷറി വകുപ്പ് നടപടിയെടുത്തത്.
ഇറാനിലെ സമ്പദ്വ്യവസ്ഥ തകർച്ചയിലാണെന്നും അവിടുത്തെ ഭരണാധികാരികൾ പരിഭ്രാന്തരാണെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി. പാപ്പരായ ഒരു ഭരണകൂടത്തിന്റെ അവസാന സാമ്പത്തിക ജീവനാഡിയാണ് ഇറാനിലെ ഷാഡോ ബാങ്കിംഗ് സംവിധാനമെന്നും, ഇത്തരം നിയമവിരുദ്ധ ശൃംഖലകളെ തകർക്കുന്ന നടപടികളുമായി ട്രഷറി വകുപ്പ് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിഡിൽ ഈസ്റ്റിൽ ആശങ്ക; പ്രതികരിച്ച് ഖത്തറും ഇറാനും അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള മറ്റൊരു സംഘർഷം താങ്ങാൻ മിഡിൽ ഈസ്റ്റിന് കഴിയില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി മുന്നറിയിപ്പ് നൽകി. ഇറാൻ വിഷയത്തിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി വാഷിങ്ടണിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണം. ചർച്ചാ പ്രക്രിയ പുനരാരംഭിക്കുന്നതിനായി ഖത്തർ ഇറാനുമായും അമേരിക്കയുമായും സഹകരിച്ച് പ്രവർത്തിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഇറാന്റെ വ്യവസ്ഥകൾ അംഗീകരിച്ചാൽ ഹോർമുസ് കടലിടുക്കിൽ ഉടനടി സുരക്ഷ പുനഃസ്ഥാപിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉപരോധങ്ങളെ ചെറുക്കുന്നതിനാവശ്യമായ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. യുദ്ധവുമില്ല, സമാധാനവുമില്ല എന്ന നിലയിൽ ഇറാനിൽ അമേരിക്ക സൃഷ്ടിച്ചിരിക്കുന്ന സ്തംഭനാവസ്ഥയ്ക്ക് ഉടനടി പരിഹാരം കാണണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫും ആവശ്യപ്പെട്ടു.
















