ന്യൂഡൽഹി: സമീപകാലത്തെ നയതന്ത്ര അകൽച്ചകൾക്ക് വിരാമമിട്ട് ഇന്ത്യയും നേപ്പാളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ബലേൻ ഷായും തമ്മിൽ ന്യൂഡൽഹിയിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് നിർണ്ണായക തീരുമാനങ്ങളുണ്ടായത്. നേപ്പാളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 24,000 കോടി രൂപയുടെ വികസന പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇതിന് പുറമെ, അയോധ്യയിൽ നിന്ന് നേപ്പാളിലെ ജനക്പൂർ ധാം വരെ സർവീസ് നടത്തുന്ന പുതിയ ട്രെയിൻ ഇരു പ്രധാനമന്ത്രിമാരും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
നേപ്പാളിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ തുടർച്ചയായ നീക്കങ്ങൾക്കിടെയാണ് അയൽരാജ്യത്തെ ചേർത്തുപിടിക്കാനുള്ള ഇന്ത്യയുടെ നിർണ്ണായക നയതന്ത്ര ചുവടുവെപ്പ്. അധികാരമേറ്റ ശേഷം നേപ്പാൾ പ്രധാനമന്ത്രി ബലേൻ ഷാ നടത്തുന്ന ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്കായത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഊർജ്ജ മേഖലയിൽ സഹകരണം ഉറപ്പാക്കുന്നതിനൊപ്പം, നേപ്പാളിൽ ഐ.ഐ.ടി ഓഫ്‌ഷോർ ക്യാമ്പസും ഇന്നവേഷൻ ഹബ്ബും സ്ഥാപിക്കുമെന്നും സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകുമെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു.
തുറമുഖങ്ങൾ തുറന്നു നൽകും; മോദിയെ നേപ്പാളിലേക്ക് ക്ഷണിച്ച് ബലേൻ ഷാ അയോധ്യയിൽ നിന്ന് അതിർത്തി കടന്ന് ജനക്പൂർ ധാം വരെ 604 കിലോമീറ്റർ ദൂരം പിന്നിടുന്ന ട്രെയിൻ സർവീസാണ് ഇരുനേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്തത്. വ്യാപാര സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി കാണ്ട്ല, പാരദീപ് തുറമുഖങ്ങൾ നേപ്പാളിന് തുറന്നു നൽകാനും ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായി.
ഇന്ത്യ സന്ദർശനത്തെ ചരിത്രപരമായ നിമിഷമെന്നാണ് ബലേൻ ഷാ വിശേഷിപ്പിച്ചത്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ഹിമാലയം പോലെ ദൃഢവും സമുദ്രം പോലെ വിശാലവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിദുരന്ത സമയങ്ങളിൽ ഇന്ത്യ നൽകിയ സഹായങ്ങൾക്ക് നന്ദി അറിയിച്ച നേപ്പാൾ പ്രധാനമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേപ്പാൾ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ബലേൻ ഷാ ഇന്ന് മടങ്ങും.
















