കേന്ദ്ര സർക്കാരിന്റെ വിദ്യാലയ വികസന പദ്ധതിയായ ‘പി.എം. ശ്രീ’ (PM SHRI) സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കെ.പി.സി.സി ഭാരവാഹി യോഗത്തിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം. പി.എം. ശ്രീ പദ്ധതി പൂർണ്ണമായും തള്ളിക്കളയണമെന്നും കേരളത്തിൽ ഇത് നടപ്പാക്കാൻ അനുവദിക്കരുതെന്നും ഭാരവാഹി യോഗത്തിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ശക്തമായി ആവശ്യപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സർക്കാരിന്റെ തോൽവിക്കും യു.ഡി.എഫിന്റെ മികച്ച വിജയത്തിനും കാരണമായ പ്രധാന വിഷയങ്ങളിലൊന്ന് എൽ.ഡി.എഫ് സർക്കാർ പി.എം. ശ്രീയിൽ ഒപ്പിട്ടതാണെന്നും, അതിനാൽ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് ജനങ്ങൾക്ക് മുന്നിൽ
തിരിച്ചടിയാകുമെന്നും നേതാക്കൾ വാദിച്ചു. പി. എം. നിയാസ്, ദീപ്തി മേരി വർഗീസ്, മാത്യു കുഴൽനാടൻ, എ. എ. ഷുക്കൂർ തുടങ്ങിയവരാണ് യോഗത്തിൽ പദ്ധതിയെ രൂക്ഷമായി എതിർത്തത്. എന്നാൽ പദ്ധതിയിൽ നിന്ന് പൂർണ്ണമായി പിന്മാറാൻ കഴിയില്ലെന്ന് ഭാരവാഹി യോഗത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ വ്യക്തമാക്കി.















