2026 ജൂലൈ 17 വ്യാഴം കർക്കിടകം 01
📰👉 തൃശൂർ അന്നമനടയിൽ കെ എസ് ഇ ബി ഓഫീസിൽ അതിക്രമം നടത്തി ജീവനക്കാരനെ മർദ്ദിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. വെണ്ണൂർ സ്വദേശികളായ മണി, അഭിജിത്ത്, അരുൺ, കമലേഷ്, ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്. ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് മുൻപ് വൈദ്യുതി മുടങ്ങിയതിലുള്ള വൈരാഗ്യത്തിലായിരുന്നു മർദ്ദനം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. അന്നമനട കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക് അതിക്രമിച്ചു കയറി വടികൊണ്ട് ക്യാബിൻ അടിച്ചു തകർക്കുകയായിരുന്നു. കെഎസ്ഇബി ജീവനക്കാരനായ നിധിന് പരുക്കേറ്റിരുന്നു.
📰👉 മതപരമായ ചടങ്ങുകളിൽ പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന ഡിജിപിയുടെ സർക്കുലർ നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി. സർക്കുലറിൽ പരിശോധിക്കേണ്ട വിഷയങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
📰👉 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകി ഉത്തരവിറക്കി സർക്കാർ. കായിക വകുപ്പ് സെക്രട്ടറി എൻ.പ്രശാന്തിന് മൃഗശാല , മ്യൂസിയം, പുരാവസ്തു വകുപ്പിന്റെ ചുമതല കൂടി നൽകി. ആരോഗ്യ വകുപ്പ് സെക്രട്ടറി ഷർമിള മേരി ജോസഫിന് ആയുഷ് വകുപ്പിന്റെ അധിക ചുമതല. കെ.ഇമ്പശേഖറിനെ ജല അതോറിറ്റി എം.ഡി സ്ഥാനത്ത് നിന്ന് മാറ്റി സാംസ്കാരിക വകുപ്പ് ഡയറക്ടറായി നിയമിച്ചു. സഹകരണ രജിസ്ട്രാറിന്റെ ചുമതലയും ഇമ്പശേഖറിന് നൽകി.
📰👉 മധ്യപ്രദേശിലെ ജബൽപൂരിലെ കത്തോലിക്ക സ്കൂളിൽ അതിക്രമം. സെന്റ്. അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂളിൽ മതപരിവർത്തനം ആരോപിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ജയ് ശ്രീറാം വിളികളോടെ സ്കൂൾ തല്ലിത്തകർത്തു. വിദ്യാർഥികൾ സ്കൂളിലുള്ളപ്പോഴുണ്ടായ ആക്രമണം പൊലീസിനെ അറിയിച്ചിട്ടും ഇടപെട്ടില്ലെന്ന് ആക്ഷേപം.
📰👉 NEET – UG പുനഃ പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയിൽ 11.21 ലക്ഷം പരീക്ഷാർഥികളാണ് യോഗ്യത നേടിയത്. 20 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. യോഗ്യത നേടിയവരിൽ 58 ശതമാനത്തിലധികം പെൺകുട്ടികളാണ്. 715 മാർക്ക് നേടി പഞ്ചാബ് സ്വദേശി ആര്യൻ ഗുപ്ത, ഹരിയാന സ്വദേശി പൻഷുൽ ബൻസാൽ എന്നിവർ ഒന്നാം റാങ്ക് പങ്കിട്ടു.
📰👉ബോളിവുഡ് താരം ആമിർ ഖാനെ വധിക്കുന്നവർക്ക് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അയോധ്യ ആസ്ഥാനമായുള്ള മതനേതാവ് ജഗദ്ഗുരു പരമഹംസ് ആചാര്യ. ആമിർ ഖാൻ തന്റെ ദീർഘകാല പങ്കാളിയായ ഗൗരി സ്പ്രാറ്റിനെ വിവാഹം കഴിച്ചെന്ന വാർത്തകൾക്ക് പിന്നാലെയാണ് പ്രഖ്യാപനം. ഈ മാസം ആദ്യം മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ വെച്ച് നടന്ന ലളിതമായ ഒരു രജിസ്റ്റർ വിവാഹത്തിലൂടെയാണ് ആമിർ ഖാനും ഗൗരി സ്പ്രാട്ടും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തിരുന്നത്. ആമിർ ഖാൻ നേരത്തെ രണ്ടുതവണ വിവാഹിതനായിരുന്നു.ആദ്യം റീന ദത്തയെയും പിന്നീട് ചലച്ചിത്ര നിർമ്മാതാവായ കിരൺ റാവുവിനെയുമായിരുന്നു അദ്ദേഹം വിവാഹം കഴിച്ചിരുന്നത്.















