തിരുവനന്തപുരം: ശബരിമല തീർത്ഥാടകരായ അയ്യപ്പഭക്തരുമായി വാക്കുതർക്കത്തിലേർപ്പെട്ട സംഭവത്തിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. പമ്പയിൽ നിന്ന് കരിമടത്തേക്ക് സർവീസ് നടത്തിയ RPC 694 നമ്പർ ബസിലെ കണ്ടക്ടർ എം.ആർ. രാജേഷിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
വാക്കുതർക്കത്തെ തുടർന്ന് ബസ് ഏറെനേരം പിടിച്ചിട്ടിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്. സംഭവത്തിൽ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. തുടർന്നാണ് സസ്പെൻഷൻ നടപടിയെടുത്തത്.
വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് കെ.എസ്.ആർ.ടി.സി ശബരിമല തീർത്ഥാടന കാലയളവിൽ അയ്യപ്പഭക്തർക്ക് സുരക്ഷിതവും മാന്യവും സൗഹാർദ്ദപരവുമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിൽ കെ.എസ്.ആർ.ടി.സി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. തീർത്ഥാടകരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തിലും സേവനത്തിലും യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.
















