പാലാ: ദളിത് ക്രൈസ്തവരുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച ‘കൈത്താങ്ങ്’ പ്രിവിലേജ് പദ്ധതി രൂപതയിലെ മറ്റ് ആശുപത്രികളും എത്രയും വേഗം ഏറ്റെടുക്കണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രൂപതയുടെ വിവിധ ഭാഗങ്ങളിലുള്ള DCMS അംഗങ്ങൾക്ക് ഇത് കൂടുതൽ പ്രയോജനകരമാകണമെന്നും ഭാവിയിൽ കൂടുതൽ ക്ഷേമപദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
പാലാ രൂപതയും DCMS പാലായും ചേർന്ന് രൂപതയിലെ ദളിത് കത്തോലിക്കർക്കായി വിഭാവനം ചെയ്ത ‘കൈത്താങ്ങ്’ പ്രിവിലേജ് പാക്കേജിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം 2026 നവംബർ 26-ന് പാലാ ബിഷപ്പ് ഹൗസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. കേരള കത്തോലിക്കാ സഭയുടെ സമുദായ ശാക്തീകരണ വർഷത്തോടനുബന്ധിച്ച്, രൂപതയുടെ കാരുണ്യ-ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 2026 ഒക്ടോബർ 16-ന് രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ദിനത്തിൽ പിതാവ് ആഹ്വാനം ചെയ്ത കർമ്മപദ്ധതിയാണ് ‘കൈത്താങ്ങ്’. മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചായിരുന്നു ഒന്നാം ഘട്ട പ്രവർത്തനങ്ങൾ നടത്തിയത്.
രണ്ടാം ഘട്ടമായി മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ചാണ് പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇതിലൂടെ രൂപതയിലെ ദളിത് കത്തോലിക്ക സമുദായാംഗങ്ങൾക്ക് രൂപതയുടെ കീഴിലുള്ള വിവിധ ആശുപത്രികളിൽ പ്രത്യേക ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാകും. രൂപതയിലെ മുഴുവൻ ദളിത് കുടുംബങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകത്തക്ക വിധത്തിലുള്ള ക്രമീകരണങ്ങളാണ് മൂന്നാം ഘട്ടത്തിലൂടെ നടന്നുവരുന്നത്; ഇതിന്റെ രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്.
മുട്ടുചിറ ഫൊറോന പ്രസിഡന്റ് മേഴ്‌സി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ, ഫൊറോനയ്ക്ക് കീഴിലുള്ള ജയ്‌ഗിരി, കാഞ്ഞിരത്താനം, മുട്ടുചിറ, മലപ്പുറം യൂണിറ്റ് പ്രസിഡന്റുമാരും മറ്റ് ഭാരവാഹികളും ചേർന്ന് ‘കൈത്താങ്ങ്’ പ്രിവിലേജ് കാർഡ് ഏറ്റുവാങ്ങി.
ചടങ്ങിൽ പാലാ രൂപത വികാരി ജനറൽ റവ. ഫാ. ജോസഫ് കണിയോടിക്കൽ, രൂപത DCMS കോർഡിനേറ്റർ ഫാ. ജോസഫ് മുകളെപ്പറമ്പിൽ, DCMS ഡയറക്ടർ ഫാ. തോമസ് കിഴക്കേകൊല്ലിത്താനത്ത്, ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ റവ. ഫാ. അബ്രഹാം പാലാക്കത്തടത്തിൽ, ആശുപത്രി PRO ജോഷി ആദപ്പള്ളിൽ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ആൻസി, സിസ്റ്റർ ലിൻസ മരിയ, മറ്റ് ജീവനക്കാർ, SMYM സംസ്ഥാന ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പാലാ രൂപത ദീപിക ഫ്രണ്ട്സ് ക്ലബ് കോർഡിനേറ്റർ ഫാ. ജോർജ് നെല്ലിക്കുന്നേൽ ചെരിവ്പുരയിടം എന്നിവർ പങ്കെടുത്തു. DCMS രൂപത സെക്രട്ടറി ബിന്ദു ആന്റണി സ്വാഗതവും നന്ദിയും രേഖപ്പെടുത്തി.
















