തിരുവനന്തപുരം: യു.ഡി.എഫിൽ കടുത്ത ഭിന്നതയുണ്ടാക്കിയ ബോർഡ് – കോർപറേഷൻ വിഭജന തർക്കം സമവായത്തിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ നടത്തിയ അതിനിർണായക ചർച്ചയെ തുടർന്ന് ഡിസംബർ ആദ്യവാരം വിഭജനം പൂർത്തിയാക്കാനാണ് ധാരണയായിരിക്കുന്നത്.
കോൺഗ്രസ് പാർട്ടിക്കുള്ളിലും ആർ.എസ്.പി അടക്കമുള്ള സഖ്യകക്ഷികൾക്കിടയിലും ബോർഡ് – കോർപറേഷൻ വിഭജനം വലിയ ഭിന്നതയ്ക്ക് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയിൽ ആർ.എസ്.പിക്ക് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ആർ.എസ്.പിയുടെ അതൃപ്തിയും ചർച്ചകളും ബോർഡ് – കോർപറേഷൻ വിഭജനത്തിൽ ഉഭയകക്ഷി ചർച്ച നടത്തണമെന്ന് ആർ.എസ്.പി മൂന്ന് തവണ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉറപ്പ് നൽകിയിട്ടും ചർച്ച നടത്തിയില്ലെന്നായിരുന്നു ആർ.എസ്.പിയുടെ പ്രധാന ആക്ഷേപം. ആർ.എസ്.പി നിയോഗിച്ച സമിതിക്ക് നേതൃത്വം നൽകിയ എൻ.കെ. പ്രേമചന്ദ്രൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം.
ഒടുവിൽ നാല് ബോർഡുകൾ വാഗ്ദാനം ചെയ്തെങ്കിലും ആർ.എസ്.പി കൈകാര്യം ചെയ്യുന്ന വകുപ്പുകൾക്ക് കീഴിലുള്ള ബോർഡുകളും കോർപറേഷനുകളും അതിൽ ഉൾപ്പെട്ടിരുന്നില്ല. ഇത് ആർ.എസ്.പിക്ക് താൽപര്യമുള്ളവയായിരുന്നില്ലെങ്കിലും മുന്നണി മര്യാദ പരിഗണിച്ചാണ് പരസ്യ പ്രതികരണങ്ങൾ മിതപ്പെടുത്തിയതെന്ന് നേതാക്കൾ വ്യക്തമാക്കുന്നു. മന്ത്രിസഭയിൽ കൂടിയാലോചനയില്ലാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന മന്ത്രിമാരുടെ പരാതിക്ക് പിന്നാലെയാണ് ഘടകകക്ഷിയായ ആർ.എസ്.പിയും എതിർപ്പ് ഉയർത്തിയത്.
















