പെൻസിൽവാനിയ: കഠിനമായ രോഗസഹനങ്ങൾക്കിടയിലും വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും മാതൃകയായി ജീവിച്ച് 2020-ൽ അന്തരിച്ച കൗമാരക്കാരി മരിയ മിഡിൽടണിന്റെ നാമകരണ നടപടികളുമായി മുന്നോട്ട് പോകാൻ യു.എസ് കാത്തലിക് ബിഷപ്പ് കോൺഫറൻസ് (USCCB) തീരുമാനിച്ചു. ബാൾട്ടിമോറിൽ നടന്ന ബിഷപ്പുമാരുടെ വാർഷിക പ്ലീനറി സമ്മേളനത്തിലാണ് തീരുമാനം ഉണ്ടായത്. ഇതോടെ മരിയയുടെ ജീവിതവും വിശ്വാസവും സഹനവും ഔദ്യോഗികമായി പരിശോധിക്കുന്ന രൂപതാതല ഘട്ടത്തിലേക്ക് നടപടികൾ കടന്നു.
ആരാണ് മരിയ മിഡിൽടൺ? 2002 സെപ്റ്റംബർ 10-ന് പെൻസിൽവാനിയയിലെ ഫിലാഡൽഫിയ അതിരൂപതയ്ക്ക് കീഴിലുള്ള ബക്സ് കൗണ്ടിയിലാണ് മരിയ ജനിച്ചത്. പഠനത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്ന മരിയ ‘നാഷണൽ ഓണർ സൊസൈറ്റി’ അംഗവും ക്ലാസ് പ്രസിഡന്റുമായിരുന്നു. മൂന്ന് വയസ്സുള്ളപ്പോൾ മുതൽ ഡോയ്ൽസ്ടൗണിലെ ‘നാഷണൽ ഷ്രൈൻ ഓഫ് അവർ ലേഡി ഓഫ് സെസ്റ്റോചോവ’യിൽ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് അമ്മ സൂസനൊപ്പം എല്ലാ ആഴ്ചയും എത്തിയിരുന്നു.
രോഗസഹനവും വിശ്വാസതീക്ഷ്ണതയും 2019 ജനുവരിയിൽ, 16-ാം വയസ്സിൽ ബ്രെയിൻ സ്റ്റെം കാൻസർ ബാധിച്ചപ്പോഴും മരിയ പരാതികളില്ലാതെ സഹനത്തെ ക്രൂശിതനായ ഈശോയോട് ചേർത്ത് സ്വീകരിച്ചു. “ദൈവം കരുണാമയനാണ്” എന്നതായിരുന്നു 11-ാം വയസ്സിൽ എഴുതിയ അവളുടെ ആദ്യ ഡയറിക്കുറിപ്പ്.
2020-ൽ കോവിഡ്-19 കാലത്ത് പൊതുവായ കുർബാനകൾ നിർത്തിവെച്ചിരുന്നപ്പോൾ വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള ആഗ്രഹം അറിയിച്ച് മരിയ ഫിലാഡൽഫിയ ആർച്ച് ബിഷപ്പ് നെൽസൺ പെരെസിന് കത്തെഴുതി. തുടർന്ന് ആർച്ച് ബിഷപ്പ് നേരിട്ടെത്തി മരിയയ്ക്ക് വിശുദ്ധ കുർബാന നൽകി. 2020 ഒക്ടോബർ എട്ടിനാണ് മരിയ അന്തരിച്ചത്.
വിശുദ്ധ ജോവാൻ ഓഫ് ആർക്ക് മുതൽ വിശുദ്ധ കാർളോ അക്യൂട്ടിസ് വരെ നീളുന്ന യുവ വിശുദ്ധരുടെ പാരമ്പര്യത്തിലേക്ക് മരിയ മിഡിൽടണിനെയും വാഴ്ത്തപ്പെട്ടവളായും വിശുദ്ധയായും ഉയർത്താനുള്ള പ്രാരംഭ നടപടികളാണ് ആരംഭിച്ചിരിക്കുന്നതെന്ന് കാനോനിക്കൽ കാര്യങ്ങൾക്കും സഭാ ഭരണത്തിനുമുള്ള സമിതി ചെയർമാൻ ബിഷപ്പ് തോമസ് പാപ്രോക്കി വ്യക്തമാക്കി. രൂപതാതലത്തിൽ ക്രോഡീകരിക്കുന്ന വിവരങ്ങൾ തുടർപഠനങ്ങൾക്കും പരിശോധനകൾക്കും ശേഷം വത്തിക്കാനിലേക്ക് സമർപ്പിക്കും.
















