ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ വധശ്രമത്തിനിടയിലും 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ആശുപത്രി കിടക്കയിൽ നിന്ന് വീഡിയോ കോളിലൂടെയാണ് സ്മിത്ത് മച്ചാർ പ്രധാനമന്ത്രിയോട് താൻ നേരിട്ട ഭീതിദമായ നിമിഷങ്ങളെക്കുറിച്ച് വിശദീകരിച്ചത്.
ഗുരുതരമായി പരുക്കേറ്റ് പിടയുമ്പോഴും കോക്ക്പിറ്റ് വാതിൽ തുറന്നുനൽകി യാത്രക്കാരെ രക്ഷിക്കാൻ കാണിച്ച ധീരതയെ പ്രധാനമന്ത്രി വാനോളം പ്രശംസിച്ചു. മറ്റുള്ളവരുടെ ജീവനെടുക്കുന്നവരല്ല, ജീവൻ സംരക്ഷിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് സ്മിത്തിന്റെ ധീരതയിലൂടെ ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി അഭിമാനത്തോടെ പറയാൻ കഴിയുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ വലിയ ആശ്വാസവും സന്തോഷവുമുണ്ടെന്നും പ്രാർത്ഥനകളാണ് തനിക്ക് ശക്തി പകർന്നതെന്നും സ്മിത്ത് പറഞ്ഞു. അക്രമി ഏൽപ്പിച്ച മുറിവുകളും മരണത്തെ നേർക്കുനേർ കണ്ട നിമിഷങ്ങളും സ്മിത്ത് വിവരിച്ചു. ചികിത്സയിൽ കഴിയുന്ന സ്മിത്ത് മച്ചാറിന്റെ ആരോഗ്യനില നിലവിൽ മെച്ചപ്പെട്ടു വരികയാണ്.















