അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം. വൈകിട്ട് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പള്ളി വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ തിരുനാൾ കൊടിയേറ്റു നിർവ്വഹിച്ചു.
കൊടിയേറ്റിന് മുന്നോടിയായി ചങ്ങനാശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാർ തോമസ് തറയിലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് നടന്ന കൊടിയേറ്റ് ചടങ്ങിന് ശേഷം പള്ളി അങ്കണത്തിലും പരിസരങ്ങളിലും ദീപാലങ്കാരങ്ങൾ തെളിഞ്ഞു. നൂറുകണക്കിന് വിശ്വാസികളെ സാക്ഷിനിർത്തി നടന്ന കൊടിയേറ്റിന് പിന്നാലെ ഭക്തിനിർഭരമായ നഗരപ്രദക്ഷിണവും നടന്നു.
ഏപ്രിൽ 24-നാണ് പ്രധാന തിരുനാൾ. അന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കുർബാന അർപ്പിക്കും. മെയ് 1-ന് നടക്കുന്ന എട്ടാമിടം ആഘോഷങ്ങളോടെ തിരുനാൾ സമാപിക്കും.















