സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്’ നേരെ ഇറാഖിൽ നിന്നും അതിരൂക്ഷമായ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
റിയാദ്, മദീന മേഖലകളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈനിലെ പ്രധാന പമ്പിംഗ് സ്റ്റേഷനുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇറാഖ് അതിർത്തിക്കുള്ളിൽ നിന്നുമെത്തിയ നിരവധി ഡ്രോണുകൾ പൈപ്പ് ലൈൻ കേന്ദ്രങ്ങളിൽ പതിക്കുകയായിരുന്നു. ആക്രമണത്തിൽ പമ്പിംഗ് സ്റ്റേഷനുകൾക്ക് സമീപം വൻ തീപിടുത്തവും പുകയും ഉയർന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
മുൻകരുതൽ നടപടിയുടെ ഭാഗമായി പൈപ്പ്‌ലൈനിലൂടെയുള്ള എണ്ണ വിതരണം സൗദി പൂർണ്ണമായും നിർത്തിവെച്ചു. ഹോർമുസ് കടലിടുക്കിനെ ഒഴിവാക്കി ചെങ്കടൽ തീരത്തെ യാൻബു തുറമുഖത്തേക്ക് എണ്ണ എത്തിക്കാൻ സൗദി ഉപയോഗിക്കുന്ന പ്രധാന ബദൽ സംവിധാനമാണ് ഈ ഡ്രോൺ ആക്രമണത്തിൽ തകർന്നത്. പൈപ്പ് ലൈൻ അടച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരാൻ ഇടയാക്കിയിട്ടുണ്ട്. നിലവിൽ സൗദിയുടെ അടിയന്തര രക്ഷാസേനയും സാങ്കേതിക വിദഗ്ധരും ചേർന്ന് പൈപ്പ്‌ലൈനിന്റെ സുരക്ഷ ഉറപ്പാക്കാനും കേടുപാടുകൾ പരിഹരിക്കാനുമുള്ള അടിയന്തര ജോലികൾ ചെയ്തുവരികയാണ്.















