രണ്ടു ദിവസമായി നടന്ന സി.ഐ.ടി.യു. കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂർ തോംസൺ കൈലാസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. റജി സഖറിയയെ ജില്ലാ പ്രസിഡന്റായും കെ. അനിൽകുമാറിനെ സെക്രട്ടറിയായും കെ. രാജേഷിനെ ട്രഷററായും സമ്മേളനം തെരഞ്ഞെടുത്തു. 35 അംഗ ഭാരവാഹികളെയും 110 അംഗ ജില്ലാ കമ്മിറ്റിയെയും 290 അംഗ ജനറൽ കൗൺസിലിനെയുമാണ് പുതിയതായി തെരഞ്ഞെടുത്തത്.
മധ്യകേരളത്തിലെ മാലിന്യക്കൂമ്പാരമായി മാറിയ വേമ്പനാട്ട് കായൽ അടിയന്തരമായി സംരക്ഷിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പോളയും പായലും വാരി ഉത്ഭവസ്ഥാനത്ത് തന്നെ വളമാക്കാൻ നടപടി വേണം. കായലിലെ ആഴക്കുറവും തണ്ണീർമുക്കം ബണ്ട് കൃത്യമായി തുറക്കാത്തതും കനത്ത വെള്ളപ്പൊക്കത്തിനും മത്സ്യസമ്പത്ത് വൻതോതിൽ കുറയുന്നതിനും കാരണമാകുന്നുണ്ടെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി പദ്ധതി തയ്യാറാക്കി ഈ പ്രതിസന്ധി പരിഹരിക്കണമെന്ന് സി.ഐ.ടി.യു. ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീമും പ്രവർത്തന റിപ്പോർട്ടിൽ കെ. അനിൽകുമാറും മറുപടി നൽകി. അഖിലേന്ത്യാ സെക്രട്ടറി കെ. എൻ. ഗോപിനാഥ്, സ്വാഗതസംഘം സെക്രട്ടറി പി. വി. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.















