പാലാ: 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന് പാലാ സെന്റ് തോമസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആവേശകരമായ തുടക്കം. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ. റോണി കെ. ബേബി നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആദ്യദിനത്തിലെ ആദ്യമത്സരത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് അരുവിത്തുറ സെന്റ് ജോർജ് കോളേജിനെ വാശിയേറിയ അഞ്ചു സെറ്റ് പോരാട്ടത്തിൽ പരാജയപ്പെടുത്തി (സ്കോർ: 22–25, 25–21, 25–20, 26–28, 13–15). അവസാന പോയിന്റ് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിലാണ് ക്രൈസ്റ്റ് കോളേജ് വിജയം പിടിച്ചെടുത്തത്.
രണ്ടാം മത്സരത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് ജയം നേടി. സി.എം.എസ്. കോളേജ് കോട്ടയത്തെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് പാലാ തോൽപ്പിച്ചത് (സ്കോർ: 18–25, 25–18, 25–17, 25–13). ആദ്യ സെറ്റ് നഷ്ടപ്പെട്ടതിന് ശേഷം അതിശക്തമായി തിരിച്ചുവന്നാണ് സെന്റ് തോമസ് കോളേജ് വിജയം സ്വന്തമാക്കിയത്.















