പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കി. ഇതിന്റെ ഭാഗമായി ആയങ്കിയുടെ സുഹൃത്തുക്കളായ 8 പേരെ വളപട്ടണം പൊലീസ് കരുതൽ തടങ്കലിലാക്കി ചോദ്യം ചെയ്തുവരികയാണ്.
അർജുൻ ആയങ്കിയുടെ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യുന്നത് ആരാണെന്ന് കണ്ടെത്തുകയാണ് പൊലീസിന്റെ പ്രാഥമിക ലക്ഷ്യം. സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയിൽ തിരുവനന്തപുരം ജില്ലയിലെ തുമ്പ, തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും അർജുനുമായി ബന്ധമുള്ള ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ അടക്കം 5 പേരെ പിടികൂടിയിരുന്നു.
ഒളിവിലിരിക്കുമ്പോഴും “തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവെച്ചാലും മുട്ടുകുത്തില്ല” എന്നും തുടങ്ങിയ പുതിയ സോഷ്യൽ മീഡിയ വെല്ലുവിളികളുമായി അർജുൻ രംഗത്തെത്തിയിരുന്നു. അതേസമയം, പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്ന സംശയത്തിൽ അതിർത്തികളിലടക്കം പൊലീസ് വ്യാപക തെരച്ചിൽ തുടരുകയാണ്.















