വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. സ്ട്രോക്കിന്റെ ലക്ഷണങ്ങൾ യഥാസമയം തിരിച്ചറിയാതെ ചികിത്സ വൈകിച്ചതിനെ തുടർന്ന് 56-കാരന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നുവെന്നാണ് പരാതി. കുന്നുകര സ്വദേശിയായ അബ്ദുൽ ജബ്ബാറാണ് ആശുപത്രി അധികൃതർക്കും ഡോക്ടർമാർക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ജൂലൈ 26-ന് കാലിൽ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അബ്ദുൽ ജബ്ബാർ ആശുപത്രിയിലെത്തിയെങ്കിലും വേദനസംഹാരികൾ നൽകി മടക്കി അയക്കുകയായിരുന്നു. വീണ്ടും ആശുപത്രിയിലെത്തിയപ്പോഴും കൃത്യമായ രോഗനിർണ്ണയം നടത്താതെ മരുന്നുകൾ നൽകി. പിന്നീട് മറ്റ് വിദഗ്ദ്ധ ആശുപത്രികളിൽ ചികിത്സ തേടിയപ്പോഴാണ് സ്ട്രോക്ക് മൂലം കാലിലേക്കുള്ള രക്തയോട്ടം നിലച്ചതാണെന്ന് കണ്ടെത്തിയത്. അതിനോടകം സമയം വൈകിയതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് വലതുകാൽ മുറിച്ചുമാറ്റുകയാണുണ്ടായത്.
അതേസമയം, രോഗിയെ രാത്രി തന്നെ കോട്ടയത്തേക്ക് റഫർ ചെയ്തിരുന്നുവെന്നും, സ്വന്തം റിസ്കിൽ വീട്ടിലേക്ക് പോകുകയാണെന്ന് എഴുതി നൽകിയാണ് മടങ്ങിയതെന്നും വ്യക്തമാക്കി ആശുപത്രി സൂപ്രണ്ട് എറണാകുളം ഡി.എം.ഒയ്ക്ക് വിശദീകരണ റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ പോലീസിലും ആരോഗ്യ വകുപ്പിലും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് അബ്ദുൽ ജബ്ബാർ.















