ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയെങ്കിലും ഭൂരിപക്ഷം കുറഞ്ഞതിൽ എബിവിപിക്ക് നിരാശ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് എബിവിപിക്ക് ഇത്തവണ നേടാനായത്. മുൻവർഷങ്ങളെക്കാൾ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കാനാണ് എബിവിപിയുടെ തിരുമാനം. അതേസമയം എൻസ്യുഐക്ക് ഉണ്ടായ വലിയ
തിരിച്ചടി ആഴത്തിൽ പഠിക്കാൻ ഒരുങ്ങുകയാണ് സംഘടന. ഐസ – എസ്എഫ്ഐ സഖ്യം ഇത്തവണയും മൂന്നാം സ്ഥാനത്ത് വന്നത് ഇടത് ക്യാമ്പിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. നോട്ടക്കും ഇത്തവണ റെക്കോർഡ് വോട്ടുകൾ ലഭിച്ചു. ജനറൽ സീറ്റുകളിലേക്ക് നടന്ന കനത്ത മത്സരത്തിൽ പ്രസിഡൻ്റ്, സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി സ്ഥാനങ്ങളിലാണ് എബിവിപി വിജയിച്ചത്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന കടുത്ത മത്സരത്തിൽ എബിവിപിയുടെ യഷ് ദബാസ് 2,053 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൻഎസ്യുഐ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. സെക്രട്ടറി
സ്ഥാനത്തേക്ക് എബിവിപിയുടെ റിയ ഛൗഡി 6,781 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപിയുടെ ലക്ഷ്യ രാജ് സിംഗ് 837 വോട്ടുകൾക്കാണ് ജയിച്ചത്. സീറ്റ് നൽകാത്തതിനെ തുടർന്ന് എൻഎസ്യുഐ വിട്ട സ്വതന്ത്രനായി മത്സരിച്ച ദീപാൻഷു ഷൗകീൻ 13,705 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. എൻഎസ്യുഐയ്ക്കൊപ്പം ഐസ – എസ്എഫ്ഐ സഖ്യവും മുഴുവൻ സീറ്റുകളിലും പരാജയപ്പെട്ടു.















