എലിക്കുളം: സ്കൂൾ വിദ്യാർത്ഥികൾക്ക് കൃഷിയുടെ നല്ല പാഠങ്ങൾ പകർന്നു നൽകുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന “കതിര്” പദ്ധതിയുടെ ഭാഗമായി മല്ലികശ്ശേരി സെന്റ് ഡൊമിനിക് സാവിയോ യു.പി സ്കൂളിൽ “കൃഷി പാഠം” സംഘടിപ്പിച്ചു. കാർഷിക പഠന പരിപാടി, കൃഷിയിടാസൂത്രണം, നടീൽ വസ്തുക്കളുടെയും കാർഷിക ലഘുലേഖകളുടെയും വിതരണം എന്നിവ പദ്ധതിയുടെ ഭാഗമായി നടന്നു.
എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്ത് പാക്കറ്റുകൾ നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ റീന സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എലിക്കുളം അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ് പദ്ധതി വിശദീകരണം നടത്തി. റിട്ടയേർഡ് അസിസ്റ്റന്റ് കൃഷി ഓഫീസർ ടി.വി. വിജയപ്പൻ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകി.
‘കതിര്’ സ്കൂൾ കോർഡിനേറ്റർ സിസ്റ്റർ ആൻ കാതറിൻ, ഫിലിപ്പ് തോമസ്, ടീന ടി. ജെയിംസ്, ടിജിമോൾ ജോർജ്, സ്മിത ചന്ദ്രൻ, ഫെമി മരിയ ജോജോ, സൗമ്യ ജനാർദനൻ, കുര്യൻ ജോസഫ്, കെ.എസ്. അക്ഷര തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.















