ഉപജില്ലാതല ശാസ്ത്രമേള, കലോത്സവം, കായികമേള, കെ.സി.എസ്.എൽ. സാഹിത്യോത്സവം എന്നിവയിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ച പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ വിജയദിനാഘോഷം നവംബർ 12 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1.30-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കേരള ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. സ്കൂൾ മാനേജർ വെരി റവ. ഫാ. ജോർജ് വേളൂപറമ്പിൽ ചടങ്ങിന് അധ്യക്ഷത വഹിക്കും.
ഉപജില്ലാതല ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് യു.പി. വിഭാഗം ഓവറോൾ ഒന്നാം സ്ഥാനവും, പ്രവൃത്തിപരിചയമേളയിൽ യു.പി. വിഭാഗം ഒന്നാം സ്ഥാനവും ഗണിത-ശാസ്ത്രമേളകളിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടിയാണ് സ്കൂൾ ഗ്രാൻഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.
കലോത്സവത്തിലും കായികമേളയിലും മികച്ച വിജയം നേടിയ വിദ്യാലയം ഹാൻഡ്ബോൾ മത്സരങ്ങളിൽ സംസ്ഥാനതലത്തിലേക്കും യോഗ്യത നേടിയിട്ടുണ്ട്. കെ.സി.എസ്.എൽ. സാഹിത്യോത്സവത്തിൽ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ തേർഡ് ഓവറോൾ നേടാനും സ്കൂളിന് സാധിച്ചു. വിവിധ മത്സരങ്ങളിലായി നൂറോളം വിദ്യാർത്ഥികളാണ് ഉയർന്ന തലങ്ങളിലേക്ക് യോഗ്യത നേടിയത്.















