ഈജിപ്തിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ മുഖാമുഖം കൂട്ടിയിടിച്ച് വൻ അപകടം. തെക്കൻ കെയ്റോയ്ക്ക് സമീപമുള്ള ഗിസയിലാണ് ദുരന്തമുണ്ടായത്. അപകടത്തിൽ ലോക്കോ പൈലറ്റ്
ഉൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും എൺപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.
കഫിർ അമർ, അൽ റാഖാ സ്റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്. ഗിസയിൽ നിന്ന് ഫായോമിലേക്ക് പോവുകയായിരുന്ന തഹ്യ മിർ ട്രെയിനും കെയ്റോയിൽ നിന്ന് അസ്വാനിലേക്ക് പോവുകയായിരുന്ന ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ഇടിച്ചതിന്റെ ആഘാതത്തിൽ ട്രെയിനിന്റെ നാല് ബോഗികൾ പാളം തെറ്റി തലകീഴായി മറിയുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു.















