തലസ്ഥാന നഗരഹൃദയത്തിൽ വാട്ടർ അതോറിറ്റിയുടെ പ്രധാന ജലവിതരണ പൈപ്പ് ലൈൻ പൊട്ടി. വാൻറോസ് ജംഗ്ഷനിൽ നിന്ന് ബേക്കറി ജംഗ്ഷനിലേക്ക് പോകുന്ന വഴിയിലാണ് ഇന്നലെ അർദ്ധരാത്രിയോടെ പൈപ്പ് പൊട്ടിയത്. അതിശക്തമായ മഴ തുടരുന്നതിനിടെ പൈപ്പ് തകർന്നതോടെ പ്രദേശം മുഴുവൻ വെള്ളക്കെട്ടിലായി.
പൊട്ടിയൊഴുകിയ വെള്ളം സെക്രട്ടറിയേറ്റിലേക്കുള്ള വഴിയിൽ കെട്ടിക്കിടക്കുന്നത് യാത്രക്കാരെയും ദുരിതത്തിലാക്കിയിട്ടുണ്ട്.
നഗരത്തിലേക്ക് ജലമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയത്. ഇതോടെ സെക്രട്ടറിയേറ്റ്, തമ്പാനൂർ ഉൾപ്പെടെ തിരുവനന്തപുരം നഗരത്തിലെ പ്രമുഖ പ്രദേശങ്ങളിലെല്ലാം കുടിവെള്ള വിതരണം പൂർണ്ണമായും തടസ്സപ്പെട്ടു. ഒരിടവേളയ്ക്ക് ശേഷമാണ് തലസ്ഥാനത്ത് പ്രധാന പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങുന്ന സംഭവം ഉണ്ടാകുന്നത്.
കോർപ്പറേഷൻ അധികൃതർ കരാറുകാരെയും വാട്ടർ അതോറിറ്റിയെയും വിവരമറിയിച്ചതിനെ തുടർന്ന് അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ സെക്രട്ടറിയേറ്റ് അടക്കമുള്ള സ്ഥാപനങ്ങളിലേക്കുള്ള പ്രധാന പാതയിൽ പണികൾ നടക്കുന്നതിനാൽ പ്രദേശത്ത് കനത്ത ഗതാഗത തടസ്സത്തിന് സാധ്യതയുണ്ട്.















