ടെൽ അവീവ്/ദുബായ്: ഇസ്രയേലി യാത്രികരുമായി പറന്ന ഫ്ളൈ ദുബായ് വിമാനം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ, വിമാനം വെടിവച്ചിടാൻ ഇസ്രയേൽ യുദ്ധവിമാനങ്ങൾ സജ്ജമാക്കിയിരുന്നതായി അമേരിക്കൻ മാധ്യമമായ സി.ബി.എസ് (CBS) ന്യൂസ്. വിമാനം ഇസ്രയേലിന്റെ വ്യോമാതിർത്തി ലംഘിച്ചിരുന്നെങ്കിൽ തകർക്കുകയായിരുന്നു നീക്കം. വിമാനത്തിലെ പൈലറ്റുകളുമായി ബന്ധപ്പെടാൻ ഇസ്രയേൽ വ്യോമസേന ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഇസ്രയേൽ പൗരന്മാരെ ബന്ദികളാക്കിയുള്ള വിലപേശൽ ഒഴിവാക്കാനാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിന് ഇസ്രയേൽ തയാറെടുത്തത്. വിമാനത്തിലുണ്ടായിരുന്ന 182 യാത്രികരിൽ 150 പേരും ഇസ്രയേലികളായിരുന്നു.
വിമാനത്തിലെ ഒമാൻ പൗരനായ സഹപൈലറ്റ് ഹമാം അൽ ഹമാമി കോക്ക്പിറ്റിൽ വച്ച് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ക്രൂരമായി ആക്രമിക്കുകയും വിമാനം ഇസ്രയേലിലെ ടെൽ അവീവ് ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇടിച്ച് കയറ്റാൻ ലക്ഷ്യമിടുകയുമായിരുന്നു. യു.എ.ഇയിൽ ജനിച്ച ഇയാൾ ബക്കിംഗ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് ഏവിയേഷൻ മാനേജ്മെന്റിൽ ബിരുദം നേടിയ ആളാണ്. ഒമാൻ എയറിൽ ജോലി ചെയ്യവെ ഇസ്ലാമിസ്റ്റ് തീവ്രവാദ നിലപാടുകളെക്കുറിച്ചുള്ള ആശങ്കകളെ തുടർന്ന് പൈലറ്റ് പരിശീലനത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയും, തുടർന്ന് റോയൽ എയർ മാറോക്കിൽ ജോലി ചെയ്ത ശേഷം എട്ട് മാസം മുമ്പാണ് ഫ്ളൈ ദുബായിൽ ചേർന്നതും.
ആക്രമണത്തിന് ശേഷം പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിൽ അൽ ഖ്വയ്ദ നേതാക്കളുടെ ചിത്രങ്ങളും, എൽ അൽ, അർകിയ തുടങ്ങിയ ഇസ്രയേലി വിമാനക്കമ്പനികളെ ലക്ഷ്യമിടുന്ന സന്ദേശങ്ങളും അടങ്ങിയിരുന്നു. ഇയാളുടെ മുൻകാല എക്സ് (X) അക്കൗണ്ടുകൾ പരിശോധിച്ച് തീവ്ര മതചിന്താഗതിക്കാരനും സ്ത്രീവിരുദ്ധ നിലപാടുകളുള്ളയാളുമായിരുന്നു ഇയാളെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.















