ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ ആർ.എസ്.എസ് നടപ്പാക്കാൻ ശ്രമിക്കുന്ന വിഷലിപ്തമായ അജണ്ടകളെയും കാവിവൽക്കരണത്തെയും ശക്തമായി ചെറുക്കാൻ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് എ.ഐ.സി.സി (AICC) നിർദ്ദേശം നൽകി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും പ്രത്യേക യോഗത്തിലാണ് ഹൈക്കമാൻഡ് നിർണ്ണായക നിർദ്ദേശം മുന്നോട്ടുവെച്ചത്.
ആർ.എസ്.എസിന്റെ അജണ്ടകളെയും വൈസ് ചാൻസലർമാരിലൂടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നടത്തുന്ന ഇടപെടലുകളെയും പരസ്യമായി തുറന്നുകാട്ടാൻ മുഖ്യമന്ത്രിമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാനായി സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിപുലമായ സെമിനാറുകൾ സംഘടിപ്പിച്ച് ബദൽ വിദ്യാഭ്യാസ നയത്തിന് രൂപം നൽകും. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളെ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാക്കി മാറ്റാനും യോഗം ആഹ്വാനം ചെയ്തു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, വിവിധ സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ തുടങ്ങിയ പ്രമുഖ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.















