തെൽ അവീവ്: ഇസ്രായേലിൽ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തിനെതിരെ ആക്രമണം നടത്താൻ ശത്രുക്കൾ പദ്ധതിയിടുന്നതായി സൂചനയുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ ഇത്തരം ഭീഷണികൾക്ക് മുന്നിൽ ഇസ്രായേൽ പതറില്ലെന്നും തങ്ങളോട് മുട്ടാൻ വരേണ്ടെന്നും നെതന്യാഹു ശത്രുരാജ്യങ്ങൾക്കും ഭീകരസംഘടനകൾക്കും മുന്നറിയിപ്പ് നൽകി.
ലോകത്തിന്റെ ഏത് കോണിൽ ഒളിച്ചിരുന്നാലും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ശത്രുക്കളെ ഇസ്രായേൽ പ്രതിരോധ സേന (IDF) തേടിപ്പിടിച്ച് ഇല്ലാതാക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഘട്ടത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കാൻ പ്രതിരോധ വിഭാഗങ്ങൾക്ക് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ അന്തരീക്ഷവും അയൽരാജ്യങ്ങളുമായി സംഘർഷവും നിലനിൽക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ പുതിയ പ്രസ്താവന. രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങൾ ചൂഷണം ചെയ്യാൻ ശത്രുക്കൾ മുതിർന്നാൽ കനത്ത തിരിച്ചടി നൽകുമെന്നാണ് ഇസ്രായേലിന്റെ നിലപാട്.















