പാലാ: പാലായുടെ ജീവനദിയായ മീനച്ചിലാറിന്റെ സംരക്ഷണത്തിലും ജലപരിശോധനയിലും അൽഫോൻസാ കോളേജ് കൈക്കൊള്ളുന്ന നിലപാടുകളെ പ്രശംസിച്ചും നദീ സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.
സഭാപിതാക്കന്മാർ പറയുന്ന പറുദീസായിലെ നാല് നദികളും നാല് സുവിശേഷങ്ങളും ഒടുവിൽ ഈശോയിലേക്ക് എത്തിച്ചേരുന്നത് പോലെയാണ് വിശുദ്ധ അൽഫോൻസായുടെ നാമധേയത്തിലുള്ള കോളേജിന്റെ നാല് പ്രധാന സാമൂഹിക പദ്ധതികളെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. “സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാണ് അൽഫോൻസാ കോളേജ് വളർന്നു വലുതായത്. ഇന്ന് മലിനജല ശുദ്ധീകരണത്തിലും ജലപരിശോധനയിലും സഹായങ്ങൾ നൽകി കോളേജ് മുൻനിരയിൽ തന്നെയുണ്ട്. കോളേജ് ഇപ്പോൾ ഡ്രൈവിംഗ് സീറ്റിലാണ്; അവിടെയിരുന്ന് ഉറങ്ങാൻ പാടില്ല, എപ്പോഴും ഉണർന്നിരിക്കണം,” എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ഓർമ്മിപ്പിച്ചു.
പാലായുടെ ഏറ്റവും വലിയ പ്രത്യേകതയും ഭാഗ്യവും മീനച്ചിലാറാണ്. ജലസമൃദ്ധിയും കരയുടെ ഫലഭൂയിഷ്ഠതയും പ്രകൃതി നൽകിയ വരദാനമാണ്. എന്നാൽ ഈ മീനച്ചിലാർ കടുത്ത മലിനീകരണ ഭീഷണിയിലാണ്. അതിനാൽ തന്നെ മീനച്ചിലാർ അടിയന്തരമായി ശുദ്ധീകരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, ഇതിനായി കോളേജും പ്രദേശവാസികളും ഒരുമിച്ച് മുന്നോട്ട് പോകണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.















