പ്രകൃതിയുടെ ദാനമായ മീനച്ചിലാറിന്റെ സംരക്ഷണത്തിനായി നാടൊന്നാകെ രംഗത്തിറങ്ങണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. പാലായുടെ ഐശ്വര്യവും സംസ്കാരവും മീനച്ചിലാറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും നദി മലിനമാക്കപ്പെടുന്നത് അനുവദിച്ചുകൊടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. അൽഫോൻസാ കോളേജിന്റെ പരിസ്ഥിതി-സാമൂഹിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വേദിയിലാണ് ബിഷപ്പ് ഈ ആഹ്വാനം നടത്തിയത്.
“ജലസമൃദ്ധിയും കരയുടെ ഫലഭൂയിഷ്ഠതയുമാണ് മീനച്ചിലാറിന്റെ പ്രത്യേകത. എന്നാൽ ഇന്ന് നദി കടുത്ത മലിനീകരണ ഭീഷണിയിലാണ്. അതിനാൽ തന്നെ മീനച്ചിലാർ ശുദ്ധീകരിക്കപ്പെടേണ്ടത് അടിയന്തര ആവശ്യമാണ്,” മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
മലിനജല ശുദ്ധീകരണത്തിലും ജലപരിശോധനയിലും അൽഫോൻസാ കോളേജ് മാതൃകാപരമായ പങ്കാണ് വഹിക്കുന്നത്. ഈ മേഖലയിൽ കോളേജ് മുന്നണിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ബിഷപ്പ്, വികസനത്തിന്റെയും സാമൂഹിക സേവനത്തിന്റെയും ‘ഡ്രൈവിംഗ് സീറ്റിൽ’ ഇരിക്കുന്നവർ എപ്പോഴും ജാഗരൂകരായി ഉണർന്നിരിക്കണമെന്നും കൂട്ടിച്ചേർത്തു.















