കാഞ്ഞിരമറ്റം:പാലാ രൂപതയുടെ കർഷക ശക്തീകരണ പദ്ധതിയായ “കർഷക ബാങ്കി ന്റെ ” ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരമറ്റത്ത് പ്രവർത്തിച്ചു വരുന്ന കർഷകദളങ്ങളുടെ കൂട്ടായ്മയായ കാഞ്ഞിരമറ്റം കർഷക ദള ഫെഡറേഷന്റെപതിനൊന്നാം വാർഷികവും അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ വാർഷിക പൊതുയോഗവും ഇന്ന് (വെള്ളി) നടക്കും. ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളിയുടെ പാരീഷ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ ഫെഡറേഷൻ രക്ഷാധികാരി ഫാ.ജോസഫ് മണ്ണനാൽ
അധ്യക്ഷത വഹിക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ നിർവഹിക്കും. ഫെഡറേഷൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പേണ്ടാനത്ത്,കർഷക ബാങ്ക് പ്രോജക്ട് ഓഫീസർ പി. വി. ജോർജ് പുരയിടം, സോൺ കോർഡിനേറ്റർ ജിജിസിന്റോ , ഫെഡറേഷൻ ഭാരവാഹികളായ ഡാന്റീസ് കൂനാനിക്കൽ , ജെയ്മോൻ പുത്തൻ പുരയ്ക്കൽ, മാത്തുക്കുട്ടിഞായർകുളം, ജോർജുകുട്ടി കുന്നപ്പള്ളി, ആൻസി ബെന്നി, സുനിജ രാജു , മിനി ജോസ് , മിനി ജോണി തുടങ്ങിയവർ പ്രസംഗിക്കും. രൂപതയുടെ ആഭിമുഖ്യത്തിൽ ആദ്യത്തെ കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാണ യൂണിറ്റായി കാഞ്ഞിരമറ്റത്ത് ആരംഭിച്ച് നബാർഡിന്റെ
അംഗീകാരത്തോടെ നിലവിൽ വന്ന കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ വാർഷിക പൊതുയോഗം മൂന്നു മണിക്ക് ആരംഭിക്കും. ചെയർമാൻ ജോസ് തോമസ് കളരിക്കൽ അധ്യക്ഷത വഹിക്കും. നബാർഡ് ജില്ലാ മാനേജർ റെജി വർഗ്ഗീസ് മുഖ്യാതിഥിയാകും. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ഡയറക്ടർ ബോർഡ് അംഗങ്ങളും പ്രൊമോട്ടർമാരും പരിപാടികൾക്ക് നേതൃത്വം കൊടുക്കും.കേരളത്തിലെ ഏറ്റവും മികച്ച കർഷക ഉൽപാദ കമ്പനിക്കുള്ള നബാർഡിന്റെ സംസ്ഥാന അവാർഡ് സ്വന്തമാക്കാൻ കാഞ്ഞിരമറ്റം കമ്പനിക്ക് കഴിഞ്ഞ വർഷം സാധിക്കുകയുണ്ടായി.ഈ വർഷവും ഓഹരി ഉടമകൾക്ക് പന്ത്രണ്ടു ശതമാനം ലാഭ വിഹിതം വിതരണം ചെയ്യും. ഫെഡറേഷൻ വാർഷികത്തിന്റെ രജിസ്ട്രേഷൻ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിക്കും.















