യുഎൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ. നെതന്യാഹു പ്രസംഗിക്കാനായി വേദിയിലേക്ക് എത്തിയതിന് പിന്നാലെ ഡസൻ കണക്കിന് രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ ഹാൾ വിട്ടിറങ്ങി പ്രതിഷേധിച്ചു. അതേസമയം, ഹാളിലുണ്ടായിരുന്ന നെതന്യാഹു അനുകൂലികൾ അദ്ദേഹത്തെ പിന്തുണച്ച് മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
ഹാളിൽ നിന്ന് പുറത്തുപോയി പ്രതിഷേധിച്ചവരെ ‘ഭീരുക്കൾ’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഹാളിൽ ഇനിയും പുറത്തുപോകാൻ ബാക്കിയുള്ള ഭീരുക്കളുണ്ടെങ്കിൽ അവരും ദയവായി ഇപ്പോൾ തന്നെ പുറത്തുപോകണമെന്നും അദ്ദേഹം തുറന്നടിച്ചു. ഇസ്രയേലിൽ പൊതുതിരഞ്ഞെടുപ്പിന് അഞ്ചാഴ്ച മാത്രം ബാക്കിനിൽക്കെ തെരഞ്ഞെടുപ്പ് പ്രചാരണ ശൈലിയിലായിരുന്നു നെതന്യാഹുവിന്റെ 40 മിനിറ്റോളം നീണ്ട പ്രസംഗം.
പ്രസംഗത്തിനിടെ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിക്കെതിരെയും ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും അദ്ദേഹം രൂക്ഷവിമർശനമുന്നയിച്ചു. “എന്നെ ഇവിടെ വരുന്നതിൽ നിന്ന് തടയാൻ നിങ്ങൾ ശ്രമിച്ചു, എന്നെ നിശബ്ദനാക്കാൻ ശ്രമിച്ചു. എന്നാൽ നിങ്ങൾക്ക് എന്നെയോ സത്യത്തെയോ നിശബ്ദമാക്കാൻ കഴിയില്ല” എന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേൽ വംശഹത്യ നടത്തുകയല്ല, മറിച്ച് വംശഹത്യ തടയുകയാണ് ചെയ്തതെന്ന് അവകാശപ്പെട്ട നെതന്യാഹു, ന്യൂയോർക്ക് മേയർ ഹമാസ് ഭീകരരെ പിന്തുണയ്ക്കുന്നയാളാണെന്നും ആരോപിച്ചു.















